ഗസ്സ സിറ്റി: ഗസ്സയിൽ സമീപ നാളുകളിലെ ഏറ്റവും വലിയ കൂട്ടക്കൊല നടത്തി ഇസ്രായേൽ ക്രൂരത. രണ്ട് ആശുപത്രികളിലടക്കം ബോംബിട്ട ദിനത്തിൽ 22 കുട്ടികളുൾപ്പെടെ 80 ലേറെ പേരാണ് മണിക്കൂറുകൾക്കിടെ അറുകൊല ചെയ്യപ്പെട്ടത്. ഖാൻ യൂനുസിലെ യൂറോപ്യൻ ഹോസ്പിറ്റലടക്കം രണ്ട് ആശുപത്രികളിലെ ബോംബിങ്ങിൽ നിരവധി പേർ കൊല്ലപ്പെട്ടു.
ആറുതവണ ബോംബുകൾ പതിച്ച യൂറോപ്യൻ ഹോസ്പിറ്റൽ മുറ്റത്തും പരിസരത്തും വൻഗർത്തം രൂപപ്പെട്ടു. കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെ സഹോദരൻ മുഹമ്മദ് സിൻവാറിനെ ലക്ഷ്യമിട്ടാണ് ഇവിടെ ആക്രമണം നടന്നതെന്നാണ് ഇസ്രായേൽ വിശദീകരണം. ഗസ്സയിലെ നാസർ ആശുപത്രിയിലെ ബോംബിങ്ങിൽ പ്രമുഖ ഫലസ്തീനി മാധ്യമ പ്രവർത്തകൻ ഹസൻ അസ്ലിഹ് കൊല്ലപ്പെട്ടു.
വടക്കൻ ഗസ്സയിലെ ജബാലിയ അഭയാർഥി ക്യാമ്പിന്റെ ഭാഗമായ അഞ്ച് താമസ കെട്ടിടങ്ങൾ തകർത്തപ്പോൾ 50ലേറെ പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. മുന്നറിയിപ്പില്ലാതെ തുടർച്ചയായി നടന്ന ബോംബിങ്ങിനെ തുടർന്ന് നിരവധി പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. സമീപത്തെ ഇന്തോനേഷ്യൻ ആശുപത്രിയിൽ ഏറെ വൈകിയും മരിച്ചവരെ എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ ദിവസം അമേരിക്കൻ പൗരത്വമുള്ള ഇസ്രായേൽ ബന്ദി എഡൻ അലക്സാണ്ടറുടെ മോചനം നൽകിയ വെടിനിർത്തൽ പ്രതീക്ഷകൾ അസ്ഥാനത്താക്കിയാണ് സമാനതകളില്ലാത്ത ഇസ്രായേൽ ഭീകരത. ഹമാസിനെ പൂർണമായി ഇല്ലാതാക്കുംവരെ ഗസ്സയിൽ കുരുതി തുടരുമെന്ന് തിങ്കളാഴ്ചയും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആവർത്തിച്ചിരുന്നു. എന്നാൽ, ഗസ്സയിൽ വംശഹത്യ അവസാനിപ്പിക്കാൻ അടിയന്തരമായി യു.എൻ രക്ഷാസമിതി ഇടപെടണമെന്ന് അഭയാർഥി ഏജൻസി മേധാവി ടോം െഫ്ലച്ചർ ആവശ്യപ്പെട്ടു.
ഖത്തർ ആസ്ഥാനമായ ദോഹയിൽ വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഈജിപ്ത്, ഖത്തർ, യു.എസ് എന്നിവയുടെ മധ്യസ്ഥതയിൽ ഇസ്രായേൽ, ഹമാസ് പ്രതിനിധികൾ ചർച്ചയുടെ ഭാഗമാകും. യു.എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ബന്ദി പ്രതിനിധി ആദം ബോലറും പങ്കെടുക്കും.
അതിനിടെ, യമനിൽ മൂന്ന് തുറമുഖങ്ങൾക്ക് കുടിയൊഴിപ്പിക്കൽ ഉത്തരവുമായി ഇസ്രായേൽ. റാസ് ഈസ, ഹുദൈദ, അൽസാലിഫ് തുറമുഖങ്ങൾക്കാണ് ആക്രമണ ഭീഷണി. ഇസ്രായേലിലെ ബെൻ ഗൂറിയൻ വിമാനത്താവളം ലക്ഷ്യമിട്ട് മൂന്നുതവണ ഹൂതികൾ മിസൈൽ ആക്രമണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.