റഫയിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ
ഗസ്സ സിറ്റി: തെക്കൻ ഗസ്സയിൽ ഈജിപ്തുമായുള്ള അതിർത്തിയിലെ റഫയിലും ഇസ്രായേൽ വ്യോമാക്രമണം രൂക്ഷമായി. വടക്കൻ ഗസ്സയും മധ്യ ഗസ്സയും തകർത്ത ഇസ്രായേൽ സൈന്യം തെക്കൻ ഗസ്സയിലേക്കും ആക്രമണം വ്യാപിപ്പിക്കുന്നത് സ്ഥിതിഗതികൾ രൂക്ഷമാക്കും. റഫയിൽ കഴിഞ്ഞദിവസം രാത്രിയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ രണ്ടു പാർപ്പിടസമുച്ചയങ്ങൾ തകർന്ന് 20 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുട്ടികൾ ഉൾപ്പെടെ നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അൽജസീറ റിപ്പോർട്ട് ചെയ്തു.
ഗസ്സയിൽ കഴിഞ്ഞ ദിവസമുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ 179 പേർ കൊല്ലപ്പെടുകയും 303 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം വക്താവ് അഷ്റഫുൽ ഖുദ്ര പറഞ്ഞു. ഒക്ടോബർ ഏഴിനുശേഷം ഇതുവരെ 18,787 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. 50,897 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം, ഗസ്സയിലെ യുദ്ധത്തിന് അധിക ഫണ്ട് അനുവദിക്കുന്നതിന് ഇസ്രായേൽ പാർലമെന്റിൽ നടന്ന വോട്ടെടുപ്പിനെ വിമർശിച്ച് പ്രതിപക്ഷനേതാവ് യായിർ ലാപിഡ് രംഗത്തെത്തി. ഫണ്ട് അനുവദിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തവർക്ക് മാപ്പില്ലെന്ന് അദ്ദേഹം പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ‘നിങ്ങളെ ഓർത്ത് നിങ്ങളുടെ മക്കൾ ലജ്ജിക്കു’മെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയിലെ യുദ്ധത്തിനും ലബനാനുമായുള്ള അതിർത്തിയിലെ ആക്രമണത്തിനും ഒഴിപ്പിക്കപ്പെട്ട 1,30,000 പേർക്ക് അഭയമൊരുക്കുന്നതിനും 787 കോടി ഡോളറിെന്റ തുകയാണ് അനുവദിച്ചിരിക്കുന്നത്.
ജെനിൻ അഭയാർഥി ക്യാമ്പിലുണ്ടായ ഇസ്രായേൽ സൈനിക നടപടിയിൽ കൊല്ലപ്പെട്ടയാൾക്ക് അന്ത്യചുബനം നൽകുന്ന ബന്ധുക്കൾ
ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിൽ ആരംഭിച്ച സൈനികനടപടിയെത്തുടർന്ന് ജനജീവിതം ദുരിതപൂർണമായി. ചില ഫലസ്തീനിയൻ പോരാളികൾ ഇവിടേക്ക് രക്ഷപ്പെട്ടതായി സംശയിച്ചാണ് സൈന്യം റെയ്ഡ് ആരംഭിച്ചത്. കര, വ്യോമ മാർഗങ്ങളിലൂടെ നടത്തുന്ന ആക്രമണം രൂക്ഷമാണ്. രണ്ടാം ഇൻതിഫാദക്കുശേഷം ഇവിടെ നടക്കുന്ന ഏറ്റവും ദൈർഘ്യമേറിയ റെയ്ഡാണ് ഇത്. ഭക്ഷണം തീർന്നതായും വീടിന് പുറത്തുപോകാൻ കഴിയുന്നില്ലെന്നും ആളുകൾ പരാതിപ്പെട്ടു.
500ഓളം പേരെ ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്തുവെന്നും ഇതിൽ 400ഓളം പേരെ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചതായും ഫലസ്തീനിയൻ പ്രിസണേഴ്സ് സൊസൈറ്റി അറിയിച്ചു. ചിലർക്ക് ചികിത്സ ആവശ്യമാണെന്നും സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. ജെനിനിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. ജെനിനിലും ജെനിൻ അഭയാർഥി ക്യാമ്പിലും മൂന്നാം ദിവസവും തുടരുന്ന സൈനിക നടപടിയിൽ 11 പേർ മരിച്ചതായാണ് വിവരം. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഗസ്സ സിറ്റിയിലെ അൽ സയ്തൂൺ ജില്ലയുടെ കിഴക്കൻ ഭാഗത്ത് ഇസ്രായേൽ സൈനികർക്കുനേരെ ആക്രമണം നടത്തിയതായി ഇസ്ലാമിക് ജിഹാദിെന്റ സായുധവിഭാഗമായ അൽ ഖുദ്സ് ബ്രിഗേഡ്സ് പറഞ്ഞു. നെത്സാരിമിലും മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ച് സൈന്യത്തെ ആക്രമിച്ചതായി ടെലഗ്രാമിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
റഫയിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ പരിക്കേറ്റയാളെ ഗസ്സയിലെ കുവൈത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ടുവരുന്നു
അധിനിവേശ വെസ്റ്റ്ബാങ്കിൽ ആക്രമണം നടത്തുന്ന ഇസ്രായേലി കുടിയേറ്റക്കാരെ യു.കെയിലേക്ക് വരാൻ അനുവദിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൺ പറഞ്ഞു. ഇത്തരം ഹീനകൃത്യങ്ങൾ ചെയ്യുന്നവരെ തെന്റ രാജ്യത്ത് താമസിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തേ, അമേരിക്കയും സമാന പ്രഖ്യാപനം നടത്തിയിരുന്നു. ഇത്തരം പ്രവൃത്തികൾ അവസാനിപ്പിക്കാൻ ഇസ്രായേൽ മതിയായ നടപടി സ്വീകരിക്കുന്നില്ലെന്നും അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു. ഒക്ടോബർ ഏഴിനുശേഷം വെസ്റ്റ് ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണത്തിൽ 280ലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
ജെനിനിലെ സൈനികനടപടിക്കിടെ പള്ളിയുടെ ഉച്ചഭാഷിണിയിലൂടെ ഇസ്രായേൽ സൈനിക ഓഫിസർമാർ ജൂത പ്രാർഥനാഗീതം ആലപിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നത് വ്യാപക വിമർശനത്തിനിടയാക്കി. വന്യമായ മതഭ്രാന്താണ് സൈന്യത്തെ നയിക്കുന്നതെന്ന് ഇസ്രായേൽ പാർലമെന്റിലെ കമ്യൂണിസ്റ്റ് പാർട്ടി അംഗം ഒഫെർ കാസിഫ് പറഞ്ഞു. മേലുദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തെത്തുടർന്ന് ഓഫിസർമാരെ ചുമതലയിൽനിന്ന് മാറ്റിയതായി ആർമി റേഡിയോ റിപ്പോർട്ട് ചെയ്തു.
അതേസമയം, സൈനികർക്കെതിരെ നടപടിയെടുക്കരുതെന്ന് തീവ്രവലതുപക്ഷക്കാരനായ ദേശീയ സുരക്ഷാമന്ത്രി ഇതാമർ ബെൻ ഗവിർ പറഞ്ഞു. സൈനികർക്ക് പിന്തുണ നൽകണമെന്ന് അദ്ദേഹം പറഞ്ഞതായും ആർമി റേഡിയോ റിപ്പോർട്ട് ചെയ്തു.
ഗസ്സയിലെ കമാൽ അദ്വാൻ ആശുപത്രി പരിസരത്തുനിന്ന് അറസ്റ്റ് ചെയ്ത ഹമാസ് പോരാളികളെന്ന് അവകാശപ്പെട്ട് 70ലധികം പേരുടെ ദൃശ്യങ്ങൾ ഇസ്രായേൽ സേന പുറത്തുവിട്ടു. സൈന്യത്തിന് കീഴടങ്ങിയ നിലയിൽ ഷർട്ടില്ലാതെയാണ് തടവുകാരുള്ളത്. പ്രദേശത്തെ ഒരു കെട്ടിടത്തിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തതായും അറസ്റ്റിലായവരെ ചോദ്യംചെയ്യാൻ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോവുകയാണെന്നും സൈന്യം അറിയിച്ചു. എന്നാൽ, കസ്റ്റഡിയിലെടുത്തവർ ഹമാസ് പോരാളികളല്ലെന്നും നാട്ടുകാരായ ചെറുപ്പക്കാരാണെന്നും റിപ്പോർട്ടുകളുണ്ട്. സൈന്യത്തിെന്റ നടപടിക്കെതിരെ പ്രതിഷേധമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.