ഇസ്രായേൽ മന്ത്രിമാർക്കെതിരെ യാത്രാവിലക്കുമായി അയർലൻഡ്; മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണ തേടുമെന്ന് മിഹോൾ മാർട്ടിൻ

ഡബ്ലിൻ: കടുത്ത ഫലസ്തീൻ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന രണ്ട് തീവ്രവലതുപക്ഷ ഇസ്രായേലി മന്ത്രിമാർക്ക് യാത്രാവിലക്കേർപ്പെടുത്തി അയർലൻഡ്. ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ-ഗ്വീർ, ധനകാര്യ മന്ത്രി ബെസാലെൽ സ്മോട്രിച്ച് എന്നിവർക്കാണ് അയർലൻഡ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. അയർലൻഡ് പ്രധാനമന്ത്രി മിഹോൾ മാർട്ടിൻ വെള്ളിയാഴ്ച ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

യൂറോപ്യൻ യൂണിയൻ-വെസ്റ്റേൺ ബാൽക്കൺ ഉച്ചകോടിയിൽ പങ്കെടുക്കാൻ മോണ്ടിനെഗ്രോയിൽ എത്തിയപ്പോഴാണ് പ്രധാനമന്ത്രി മാർട്ടിൻ അയർലൻഡിന്റെ നിർണായക തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. അയർലൻഡ് നീതിന്യായ മന്ത്രി ജിം ഒക്കലഹൻ ആണ് ഇരു മന്ത്രിമാർക്കുമെതിരെയുള്ള യാത്രാവിലക്ക് നിർദേശം മുന്നോട്ടുവെച്ചതെന്ന് ഐറിഷ് മാധ്യമമായ ആർ.ടി.ഇ റിപ്പോർട്ട് ചെയ്തു.

ഫലസ്തീനികളെ അവരുടെ സ്വന്തം മണ്ണിൽ നിന്ന് പൂർണ്ണമായി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ രണ്ട് ഇസ്രായേലി മന്ത്രിമാരും പ്രവർത്തിക്കുന്നതും സംസാരിക്കുന്നതുമെന്ന് മിഹോൾ മാർട്ടിൻ കുറ്റപ്പെടുത്തി. ഇവർക്കെതിരെ യൂറോപ്യൻ യൂണിയൻ തലത്തിൽ കൂടുതൽ കർശനമായ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇരുവരുടെയും പെരുമാറ്റവും നിലപാടുകളും യൂറോപ്യൻ യൂണിയൻ തലത്തിലുള്ള ഉപരോധങ്ങൾക്ക് പൂർണ്ണമായും അർഹമാണെന്ന് മാർട്ടിൻ ചൂണ്ടിക്കാട്ടി. വിഷയം യൂറോപ്യൻ യൂണിയനിൽ അയർലൻഡ് ഉന്നയിക്കുമെന്നും എന്നാൽ ഇതിന് മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് എത്രത്തോളം പിന്തുണ ലഭിക്കുമെന്നത് കണ്ടറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ആഴ്ച ആദ്യം സർക്കാർ തലത്തിലുണ്ടായ ധാരണയെത്തുടർന്നാണ് രണ്ട് ഇസ്രായേലി മന്ത്രിമാർക്കെതിരെ യാത്രാവിലക്ക് ഏർപ്പെടുത്തിയതെന്ന് നീതിന്യായ മന്ത്രി ഒക്കലഹന്റെ വക്താവ് വ്യക്തമാക്കി.

നേരത്തേ ഇരുവർക്കുമെതിരെ സ്പെയിനും ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇ​സ്രാ​യേ​ലി​ന് ആ​യു​ധം വി​ൽ​ക്കു​ന്ന​തും വാ​ങ്ങു​ന്ന​തും പൂ​ർ​ണ​മാ​യി വി​ല​ക്ക​ൽ, ഇ​സ്രാ​യേ​ൽ സേ​ന​ക്ക് ഇ​ന്ധ​ന​വു​മാ​യി പോ​കു​ന്ന ക​പ്പ​ലു​ക​ൾ​ക്ക് സ്പാ​നി​ഷ് തു​റ​മു​ഖ​ങ്ങ​ളി​ൽ നി​ർ​ത്താ​ൻ അ​നു​മ​തി നി​ഷേ​ധി​ക്ക​ൽ, ഇ​സ്രാ​യേ​ൽ ആ​യു​ധ​ങ്ങ​ൾ വ​ഹി​ക്കു​ന്ന വി​മാ​ന​ങ്ങ​ൾ​ക്ക് വ്യോ​മാ​തി​ർ​ത്തി അ​ട​ക്ക​ൽ, വം​ശ​ഹ​ത്യ​യി​ൽ പ​ങ്കാ​ളി​ത്തം തെ​ളി​ഞ്ഞ വ്യ​ക്തി​ക​ൾ​ക്ക് പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾക്ക് പിന്നാലെയാണ് ഉപരോധം.  

Tags:    
News Summary - Ireland imposes travel ban on 2 Israeli Cabinet ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.