തെഹ്റാൻ: ബഹ്‌റൈനുമായുള്ള സൗഹൃദ മത്സരത്തിൽ നിന്ന് ഇറാൻ അണ്ടർ-23 ദേശീയ ഫുട്ബോൾ ടീം പിന്മാറുന്നതായി റിപ്പോർട്ട്. ഇറാൻ അർദ്ധസൈനിക വാർത്താ ഏജൻസിയായ തസ്നീം ആണ് വാർത്ത പുറത്തുവിട്ടത്. "ബഹ്‌റൈനും മറ്റ് നിരവധി രാജ്യങ്ങളുമായുള്ള" സൗഹൃദ മത്സരത്തിൽ നിന്ന് ഇറാൻ അണ്ടർ-23 ടീം പിന്മാറിയതായി തസ്നീം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതു സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ തസ്നീം നൽകിയിട്ടില്ല. തുർക്കിൽ പരിശീലനം നടത്തുകയാണ് ഇറാൻ ടീം.
ഇസ്രായേൽ-യു.എസ്-ഇറാൻ യുദ്ധം പശ്ചിമേഷ്യൻ മേഖലയെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് ടീമിന്റെ പിന്മാറ്റം. യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും കഴിഞ്ഞ ആഴ്ച ബഹ്‌റൈനിലെയും കുവൈത്തിലെയും യു.എസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാനിയൻ ആക്രമണം നടത്തിയിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം കായിക മേഖലയിലും പ്രതിഫലിക്കുന്നതാണ് സമീപ ദിവസങ്ങളിൽ വന്ന വാർത്ത.
2026 ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഇറാൻ ദേശീയ ഫുട്ബോൾ ടീമിന് കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്ക. യു.എസിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ ഇറാൻ താരങ്ങൾക്ക് അന്നേ ദിവസം മാത്രം രാജ്യത്ത് പ്രവേശിക്കാവൂ എന്നും മത്സരം കഴിഞ്ഞാലുടൻ മടങ്ങണമെന്നാണ് നിബന്ധന. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആണ് നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. പുതിയ വിസ നിയമപ്രകാരം മത്സരദിവസം രാവിലെ മാത്രമേ ഇറാൻ ടീമിന് അമേരിക്കൻ മണ്ണിൽ പ്രവേശിക്കാൻ അനുമതിയുണ്ടാകൂ. കളി അവസാനിച്ചയുടൻ അവർ രാജ്യം വിടുകയും വേണം. ഈ കടുത്ത നിയന്ത്രണം ടീമിന്റെ പരിശീലനത്തെയും യാത്രാ സൗകര്യങ്ങളെയും പ്രശ്നത്തിലാക്കുമെന്നും വിലയിരുത്തുന്നു. ലോകകപ്പ് തുടങ്ങാൻ ഇനി ദിവസങ്ങൾ ബാക്കിനിൽക്കെ താരങ്ങൾക്ക് യു.എസ് വിസ അനുവദിച്ചിട്ടുണ്ടെങ്കിലും ടീമിലെ 15 സ്റ്റാഫ് അംഗങ്ങൾക്ക് ഇതുവരെ വിസ അനുവദിച്ചിട്ടില്ല. ഇതോടെ ഇറാൻ ടീം തങ്ങളുടെ മുൻ നിശ്ചയിച്ച യു.എസ് ക്യാമ്പ് ഉപേക്ഷിച്ച് മെക്സിക്കോ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ലോകകപ്പിനായി ഒരുങ്ങുന്നത്. ജൂൺ 15-ന് കാലിഫോർണിയയിൽ ന്യൂസിലാൻഡിനെതിരെയാണ് ഇറാന്റെ ആദ്യ മത്സരം. തുടർന്ന് ബെൽജിയം, ഈജിപ്ത് എന്നിവരുമായും ഇറാൻ യു.എസിൽ ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.