കുടുംബം നൽകിയത് 44 കോടിയുടെ മോചനദ്രവ്യം; മാലിയിൽ തട്ടിക്കൊണ്ടുപോയ ഗുജറാത്തി വജ്രവ്യാപാരി മോചിതനായി

ബമാകോ: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ തട്ടിക്കൊണ്ടുപോയ എഴുപത്തഞ്ചുകാരനായ ഇന്ത്യൻ വംശജൻ ധീരു രാമണിയെ കുടുംബം ഭീമമായ മോചനദ്രവ്യം നൽകി മോചിപ്പിച്ചു. നാല് ദശലക്ഷം യൂറോയാണ് (ഏകദേശം 44 കോടി രൂപ) ഇയാളുടെ മോചനത്തിനായി കുടുംബം നൽകിയതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ഏപ്രിലിലാണ് മാലിയിൽ ധീരു രാമണിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. അടുത്തിടെ ഇവിടെ ഒരു സ്വർണഖനി വാങ്ങിയ ഇദ്ദേഹം കുറച്ചുകാലമായി മാലിയിലാണ് താമസിച്ചു വന്നിരുന്നത്.

തുടക്കത്തിൽ 100 കോടി രൂപയായിരുന്നു തട്ടിക്കൊണ്ടുപോയവർ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അമേരിക്കയിലുള്ള രാമണിയുടെ കുടുംബം നടത്തിയ നിരന്തരമായ ചർച്ചകൾക്കൊടുവിൽ തുക നാല് ദശലക്ഷം യൂറോയായി കുറക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് പണം നൽകി ഇയാളുടെ മോചനം സാധ്യമാക്കിയത്.

ഇന്ത്യൻ സർക്കാറിന്റെയോ മറ്റ് ഏജൻസികളുടെയോ ഇടപെടലില്ലാതെ അമേരിക്കയിലുള്ള കുടുംബം സ്വമേധയാ ആണ് തട്ടിക്കൊണ്ടുപോയവരുമായി ചർച്ചകൾ നടത്തിയത്.

മോചിതനായെങ്കിലും ധീരു രാമണി നിലവിൽ മാലിയിൽ തന്നെ തുടരുകയാണ്. ഇയാളെ മോചിപ്പിച്ച സാഹചര്യത്തെക്കുറിച്ചും തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കൂടുതൽ വിവരങ്ങളെക്കുറിച്ചും പ്രദേശിക പോലീസ് സംഘം ചോദ്യം ചെയ്തുവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ധാർ ഗ്രാമക്കാരനാണ് ധീരു രാമണി. ഗുജറാത്തിലെ സൂറത്തുമായി ബന്ധപ്പെട്ട് 1980 മുതൽ വജ്രവ്യാപാര രംഗത്ത് സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു. പിന്നീട് യു.എസ്.എയിലേക്ക് താമസം മാറിയ ഇദ്ദേഹത്തിന്റെ കുടുംബം അവിടെ ഒരു അന്താരാഷ്ട്ര വജ്രവ്യാപാര സ്ഥാപനം നടത്തിവരികയാണ്.

രാമണിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മാലിയിലെ ഇന്ത്യൻ എംബസി അവിടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു. ഏപ്രിൽ 25ന് പുറപ്പെടുവിച്ച സുരക്ഷാ മുന്നറിയിപ്പിൽ, മാലി തലസ്ഥാനമായ ബമാകോയിലെ കതിയിലും മറ്റ് പ്രദേശങ്ങളിലും നടക്കുന്ന സുരക്ഷാ പ്രശ്നങ്ങളും ആക്രമണങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.

പൗരന്മാർ വീടുകളിൽ തന്നെ തുടരണമെന്നും പ്രാദേശിക ഭരണകൂടത്തിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും എംബസി ആവശ്യപ്പെട്ടിരുന്നെങ്കിലും, വ്യക്തിഗതമായി രാമണിയുടെ സംഭവം മുന്നറിയിപ്പിൽ എടുത്തുപറഞ്ഞിരുന്നില്ല.

Tags:    
News Summary - Family pays Rs 44 crore ransom; Gujarati diamond trader abducted in Mali released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.