എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്,
വാഷിങ്ടൺ: തുർക്കിയക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കരുതെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ പരസ്യമായ മുന്നറിയിപ്പ് തള്ളി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പ് എയർ ഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആയുധക്കച്ചവടത്തിന്റെ കാര്യത്തിൽ ആരും തനിക്ക് നിർദേശം തരേണ്ടതില്ലെന്നും, തുർക്കിയ അമേരിക്കയുടെ വിശ്വസ്തനായ സഖ്യകക്ഷിയാണെന്നും ട്രംപ് വ്യക്തമാക്കി.
തുർക്കിയക്ക് എഫ്-35 വിമാനങ്ങൾ നൽകുന്നതിനെതിരെ നെതന്യാഹു പരസ്യമായി രംഗത്തുവന്നിരുന്നു. തുർക്കിയ ഭരണകൂടം അമേരിക്കയെ വെറുക്കുകയും 'അമേരിക്ക തുലയട്ടെ' എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന മുസ്‍ലിം ബ്രദർഹുഡ് പോലുള്ള തീവ്ര പ്രസ്ഥാനത്താൽ സ്വാധീനിക്കപ്പെട്ടതാണെന്നും, അതിനാൽ അവർക്ക് എഫ്-35 വിമാനങ്ങളോ അതിനുള്ള എൻജിനുകളോ നൽകരുതെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഈ എതിർപ്പുകളെ പുച്ഛിച്ചുതള്ളിയ ട്രംപ്, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായുള്ള തന്റെ സൗഹൃദത്തെയും തുർക്കിയയുടെ സൈനിക ശക്തിയെയും പ്രശംസിക്കുകയാണുണ്ടായത്. തുർക്കിയക്ക് ഇസ്രായേലിനോടും നെതന്യാഹുവിനോടും വലിയ താൽപ്പര്യമില്ലായിരിക്കാം, എങ്കിലും അമേരിക്കയെ സംബന്ധിച്ച് അതൊരു ശക്തമായ രാജ്യവും മികച്ച സഖ്യകക്ഷിയുമാണെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ‘ഞങ്ങൾ എന്ത് വിൽക്കണം വിൽക്കരുത് എന്ന് ആരും പറഞ്ഞ് തരേണ്ട ആവശ്യമില്ല’ എന്ന് പറഞ്ഞ് നെതന്യാഹുവിനെ തള്ളിയ ട്രംപ് തുർക്കിയയെ കൂടുതൽ പ്രശംസിക്കുകയാണ് ചെയ്തത്. തുർക്കിയ വളരെ ശക്തമായ ഒരു രാജ്യമാണെന്നും, ശക്തമായ സൈന്യവും വലിയൊരു ആയുധശേഖരവും അവർക്കുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിനും ഗസ്സ വംശഹത്യക്കും ശേഷം തുർക്കിയ-ഇസ്രായേൽ ബന്ധം പൂർണമായും തകർന്നിരുന്നു. അങ്കാറയെ ഒരു പ്രാദേശിക ശത്രുവായിട്ടാണ് ഇസ്രായേൽ ഭരണകൂടം ഇപ്പോൾ കാണുന്നത്. എയർ ഫോഴ്സ് വണ്ണിൽ വെച്ച് ജെറുസലേമും അങ്കാറയും തമ്മിലുള്ള ഈ സംഘർഷങ്ങളെക്കുറിച്ച് ട്രംപ് പരാമർശിച്ചു. തുർക്കിയ പ്രസിഡന്റ് ഉർദുഗാനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും ട്രംപ് വിശദീകരിച്ചു.
അതേസമയം തുർക്കിയക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കാൻ ട്രംപ് ഈ മാസം ആദ്യം താൽപ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും അതിന് ചില സാങ്കേതിക തടസ്സങ്ങളുണ്ട്. റഷ്യയിൽ നിന്ന് എസ്-400 (S-400) വ്യോമ പ്രതിരോധ സംവിധാനം വാങ്ങിയതിന്റെ പേരിൽ 2020-ൽ തുർക്കിയയെ ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കുകയും ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ജൂലൈ 7ലെ കൂടിക്കാഴ്ചയിൽ ഈ ഉപരോധങ്ങൾ നീക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നെങ്കിലും, തുർക്കിയ നിബന്ധനകൾ പൂർണമായി പാലിക്കാത്തതിനാൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉപരോധങ്ങൾ ഔദ്യോഗികമായി നീക്കിയിട്ടില്ല.
എസ്-400 വാങ്ങിയതാണ് തുർക്കിയക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ കാരണമായത്. എസ്-400 സംവിധാനങ്ങൾ പൂർണമായി ഒഴിവാക്കുകയും ഭാവിയിൽ അവ വാങ്ങില്ലെന്ന് ഉറപ്പുനൽകുകയും ചെയ്താൽ മാത്രമേ തുർക്കിയക്ക് എഫ്-35 വിമാനങ്ങൾ കൈമാറുന്ന കാര്യം പരിഗണിക്കൂ എന്നാണ് അമേരിക്കൻ നയം. എങ്കിലും, ഭാവിയിൽ തുർക്കിയ ഈ വ്യവസ്ഥകൾ പാലിച്ചേക്കുമെന്ന സാധ്യത സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പൂർണമായി തള്ളിക്കളയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.