ഹൂവർ ഇൻസ്റ്റിറ്റ്യൂഷനിൽ നടന്ന ചർച്ചയിൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് സെക്രട്ടറി എസ്. പോൾ കപൂർ
വാഷിങ്ടൺ: പ്രതിരോധ മേഖലയിലും സിവിൽ, ആണവ സഹകരണ രംഗത്തും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം വ്യാപിപ്പിക്കുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് സെക്രട്ടറി എസ്. പോൾ കപൂർ. സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്ന വിശ്വസനീയമായ എ.ഐ സാങ്കേതികവിദ്യകളും മറ്റ് നവീന സാങ്കേതികവിദ്യകളും സ്വീകരിക്കുന്നതും ഈ സഹകരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഹൂവർ ഇൻസ്റ്റിറ്റ്യൂഷനിൽ നടന്ന ചർച്ചയിലാണ് കപൂർ ഇക്കാര്യം വ്യക്തമാക്കിയത്. മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസും ഇന്ത്യയിലെ മുൻ യു.എസ് അംബാസഡർ ഡേവിഡ് സി. മൾഫോർഡും ഉൾപ്പെടെയുള്ള പ്രമുഖർ ചർച്ചയിൽ പങ്കെടുത്തിരുന്നു.
ഇന്ത്യയുമായുള്ള അമേരിക്കയുടെ സഹകരണം രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും അമേരിക്കയ്ക്കും മേഖലക്കും നിർണായകമായ വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുന്ന വിശ്വസനീയമായ എ.ഐ സാങ്കേതികവിദ്യകളുടെയും മറ്റ് നവീന സാങ്കേതികവിദ്യകളുടെയും ഉപയോഗം ഉൾപ്പെടെ പ്രതിരോധ, സിവിൽ ആണവ സഹകരണങ്ങൾ കൂടുതൽ വിപുലീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
കഴിഞ്ഞ വർഷം കര, കടൽ, വ്യോമ, ബഹിരാകാശ, സൈബർ മേഖലകൾ ഉൾപ്പെടെ എല്ലാ രംഗങ്ങളിലും പരസ്പരം പ്രവർത്തനശേഷി ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രാധാന പ്രതിരോധ പങ്കാളിത്തത്തിനുള്ള കരാറിൽ ഒപ്പുവെച്ചിരുന്നു.
2002 മുതൽ അപ്പാച്ചെ, ചിനൂക്ക് ഹെലികോപ്റ്ററുകൾ, സി-17, സി-130ജെ ഗതാഗത വിമാനങ്ങൾ, പി-8ഐ സമുദ്ര നിരീക്ഷണ വിമാനങ്ങൾ, എം777 ഹൊവിറ്റ്സർ പീരങ്കികൾ എന്നിവയുൾപ്പെടെ നിരവധി യുഎസ് പ്രതിരോധ ഉപകരണങ്ങൾ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ സിവിൽ, ആണവ മേഖലയിൽ സഹകരണ സാധ്യതകൾ തേടാൻ അമേരിക്കൻ ആണവോർജ കമ്പനികൾ താൽപര്യം പ്രകടിപ്പിക്കുന്നതായി റിപ്പോർട്ടുണ്ട്. ഈ വർഷം ആദ്യം ഇന്ത്യയിൽ ആണവ മേഖലയിലെ ബാധ്യത നിയമങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെ, പ്രമുഖ ആണവ വ്യവസായ മേധാവികൾ ഉൾപ്പെട്ട പ്രതിനിധി സംഘം ഇന്ത്യ സന്ദർശിച്ച് സ്വകാര്യ മേഖലയുമായുള്ള സഹകരണ സാധ്യതകൾ ചർച്ച ചെയ്തിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.