വാഷിങ്ടൺ: ഇറാനുമായി വളരെ സൗഹൃദപരമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും എന്നാൽ നീണ്ടുനിൽക്കുന്ന ചർച്ചകൾക്ക് താൻ തയ്യാറല്ലെന്നും യു.എസ് പ്രസിഡന്റ്ഡോണൾഡ് ട്രംപ്. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ചർച്ച നടക്കാനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം. നെതന്യാഹു തിങ്കളാഴ്ച വാഷിംഗ്ടൺ ഡി.സിയിൽ എത്തിയിട്ടുണ്ട്. മേഖലയിലെ സാഹചര്യങ്ങളും ഇറാൻ യുദ്ധവുമാണ് ചർച്ചയിലെ പ്രധാന അജണ്ടയെന്ന് നേരത്തെ നെതന്യാഹു വ്യക്തമാക്കിയിരുന്നു.
ഇറാനുനേരെ 13 ദിവസം നീണ്ടുനിന്ന തുടർച്ചയായ മിസൈൽ ആക്രമണങ്ങൾ കഴിഞ്ഞ ദിവസം യു.എസ് നിർത്തിവെച്ചിരുന്നു. മിസൈൽ ശേഖരത്തിൽ കുറവ് വന്നതാണ് ആക്രമണത്തിൽ നിന്ന് പിന്മാറാൻ അമേരിക്കയെ പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപ് യുദ്ധത്തിലെ സഖ്യകക്ഷിയായ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുന്നത്.
എന്നാൽ ഇറാനു നേരെയുള്ള ആക്രമണത്തെ ട്രംപ് ന്യായീകരിച്ചു. ഇറാനെതിരെ യു.എസ് 'വലിയ വിജയമാണ്' നേടുന്നത് എന്ന് പറഞ്ഞ അദ്ദേഹം, ഒരു കാരണവശാലും ആണവായുധം സ്വന്തമാക്കാൻ ഇറാനെ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
"ഭ്രാന്തന്മാരുടെ കയ്യിൽ ആണവായുധം കൊടുക്കാൻ ഞങ്ങൾ തയ്യാറല്ലാത്തതുകൊണ്ട് ഞങ്ങൾ ഈ രാജ്യത്തെ സുരക്ഷിതമാക്കുകയാണ്" എന്ന് മിഷിഗനിൽ ട്രംപ് പറഞ്ഞു. "ഇറാനെതിരെ ഞങ്ങൾ വലിയ വിജയം നേടുകയാണ്, അവർക്ക് ഒരിക്കലും ആണവായുധമില്ലെന്ന് ഞങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്താൻ അമേരിക്ക പാടുപെടുകയാണെന്ന് ഇറാൻ പരിഹസിച്ചു.
അതേസമയം റിയാദിനെയും കിഴക്കൻ പ്രവിശ്യയിലെ എണ്ണ സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇറാഖിലെ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾ നടത്തിയ ഡ്രോൺ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. എന്നാൽ ഇതിൽ തങ്ങൾക്ക് പങ്കില്ലെന്നും സൗദി ഏതെങ്കിലും രീതിയിൽ പ്രത്യാക്രമണത്തിന് മുതിർന്നാൽ ഖേദിക്കേണ്ടിവരുമെന്നും ഇറാൻ വ്യക്തമാക്കി.
അതേസമയം ഇറാൻ തങ്ങളുടെ പിക്കാക്സ് മൗണ്ടൻ ആണവ കേന്ദ്രത്തിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണെന്നും ആണവ പദ്ധതിയെക്കുറിച്ച് നല്ല വിശ്വാസത്തോടെ ചർച്ച നടത്തുന്നില്ലെന്നും നെതന്യാഹു ആരോപിക്കുന്നുണ്ട്. ആരോപണത്തിന് ബലമേകുന്ന രഹസ്യാന്വേഷണ വിവരങ്ങൾ ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ നെതന്യാഹു കൈമാറുമെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.