ഏത് ആക്രമണങ്ങൾക്കും ശക്തമായ തിരിച്ചടി നൽകും -ഇറാൻ

തെഹ്റാൻ: ശത്രുക്കളുടെ ഭാവി ആക്രമണങ്ങൾക്ക് കൂടുതൽ ശക്തവും കഠിനവുമായ രീതിയിൽ തിരിച്ചടി നൽകുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. ഇറാഖ്-ഇറാൻ യുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ നടന്ന നിർണായകമായ‘ഓപ്പറേഷൻ മെർസാദ്’ വാർഷികത്തോടനുബന്ധിച്ച് തസ്നീം വാർത്താ ഏജൻസി പുറത്തുവിട്ട പ്രസ്താവനയിലാണ് ഇറാന്റെ പ്രതികരണം.

രാജ്യം എപ്പോഴത്തെക്കാളും ജാഗ്രതയിലാണെന്നും ശത്രുക്കളുടെ ഏതൊരു ഭീഷണിയെയും ഗൂഢാലോചനയെയും നേരിടാൻ പൂർണ സജ്ജമാണെന്നും സൈന്യം വ്യക്തമാക്കി. ഇറാന്റെ സ്വാതന്ത്ര്യവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നത് തുടർന്നും ഉറപ്പുവരുത്തുമെന്നും ശത്രുപക്ഷത്തുനിന്നുള്ള അധിനിവേശ ശ്രമങ്ങൾക്ക് അതിശക്തമായ മറുപടി നൽകുമെന്നും പ്രസ്താവനയിൽ പറയുന്നു.

അതേസമയം, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. വെള്ളി, ശനി ദിവസങ്ങളിലായി മേഖലയിലെ കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ഫലപ്രദമായ ചർച്ചകൾ നടന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഈ അറിയിച്ചു.

എങ്കിലും ഹുർമുസ് കടലിടുക്കിലെ നിലവിലെ സ്ഥിതിഗതികളിൽ മാറ്റമൊന്നുമില്ലെന്നും വഴി അടഞ്ഞുതന്നെ കിടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുമായി ഈ ചർച്ചകൾക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന് നേരെ നടന്ന സൈനിക അധിനിവേശത്തിൽ പ്രധാന ഉത്തരവാദി അമേരിക്കയാണെങ്കിലും, മേഖലയിലെ ചില മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ യുദ്ധത്തിൽ പങ്കാളികളായ കാര്യം അവഗണിക്കാൻ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഈ ആരോപിച്ചു.

എന്നാൽ ഏതൊക്കെ രാജ്യങ്ങളാണെന്ന് അദ്ദേഹം പേരെടുത്തു പറഞ്ഞില്ല. ഇറാന്നെതിരായ നീക്കങ്ങളിൽ ഈ രാജ്യങ്ങൾ ഇനിമേൽ അമേരിക്കയോട് സഹകരിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Tags:    
News Summary - Iran army warns of stronger retaliation to any future attacks by enemies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.