തെൽഅവീവ്: യുഎസും ഇറാനും തമ്മിലുള്ള കരാറിന്റെ പ്രഖ്യാപനം 'ഇസ്രായേലിന്റെ പരാജയവും നെതന്യാഹുവിന്റെ വ്യക്തിപരമായ പരാജയവു'മായി കാണപ്പെടുന്നുവെന്ന് ഇസ്രായേലി രാഷ്ട്രീയ നിരീക്ഷകനായ ഗിഡിയൻ ലെവി പറഞ്ഞു. യുഎസ്-ഇറാൻ കരാറിനെ ഇറാന്റെ രാഷ്ട്രീയ വിജയമാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇസ്രായേലിനെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അടിയറവ് വെച്ചെന്നും ഇസ്രായേൽ രാഷ്ട്രീയ വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടു.
ഇറാനുമായുള്ള ഒരു കരാർ അന്തിമമാക്കിയതായും ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും ഇറാൻ മേലുള്ള യുഎസ് നാവിക ഉപരോധം നീക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി, പ്രാദേശിക സഖ്യകക്ഷികൾക്കുള്ള ഇറാന്റെ പിന്തുണയും ഉൾപ്പെടെയുള്ള ഇസ്രായേലിന്റെ പ്രധാന ആശങ്കകൾ ഈ കരാർ പരിഗണിച്ചിട്ടില്ലെന്ന് ഇസ്രായേലി നിരൂപകർ പറഞ്ഞു.
കരാർ ഇറാനിയൻ ഭരണകൂടത്തെ യുഎസ് അംഗീകരിക്കുന്നതിന് തുല്യമാണെന്ന് ഇസ്രായേലി കോളമിസ്റ്റ് ബെൻ-ഡ്രോർ യെമിനി അഭിപ്രായപ്പെട്ടു. ലബനാനിലെ ഹിസ്ബുല്ല, യെമനിലെ ഹൂത്തി, ഇറാഖിലെ ഷിയാ മിലിഷ്യകൾ, ഫലസ്തീൻ ഗ്രൂപ്പായ ഹമാസ് എന്നിവ ഇറാനിയൻ ഫണ്ടിംഗ് ഉപയോഗിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“രണ്ട് വർഷം നീണ്ടുനിന്ന യുദ്ധത്തിന് ശേഷം ഹമാസ് പരാജയപ്പെട്ടില്ല, 40 ദിവസത്തെ ബോംബാക്രമണത്തിന് ശേഷവും ഇറാൻ പരാജയപ്പെട്ടില്ല,” യെമിനി കുറിച്ചു. ഇസ്രായേൽ ദിനപത്രമായ മാരിവിലെ രാഷ്ട്രീയ വിശകലന വിദഗ്ദ്ധൻ ബെൻ കാസ്പിറ്റും കരാറിനെ വിമർശിച്ചു. ഹമാസ്, ഹിസ്ബുല്ല, ഇറാൻ എന്നിവയ്‌ക്കെതിരെ ഇസ്രായേൽ സൈനിക നേട്ടങ്ങൾ നേടിയിട്ടും, നെതന്യാഹു ഇസ്രായേലിനെ "ഗുരുതരമായ രാഷ്ട്രീയ പരാജയത്തിലേക്ക്" നയിച്ചു എന്നാണ് ബെൻ കാസ്പിറ്റിന്റെ വിമർശനം.
നെതന്യാഹുവിന്റെ “ജീവിത പദ്ധതി” ആയിരുന്നു ഇറാൻ, എന്നാൽ ഇപ്പോൾ ഇസ്രായേലിനെ ചർച്ചകളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നുവെന്നും അട്ടിമറി മാത്രമേ ചെയ്യാൻ കഴിയൂ എന്നും ലെവി അൽ ജസീറയോട് പറഞ്ഞു. അമേരിക്കയിലും കരാറിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.