തെഹ്‌റാൻ: ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘടനയായ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള (ഐ.എ.ഇ.എ) സഹകരണം അവസാനിപ്പിക്കാനുള്ള ബില്ലിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകി.
എസ്ഫഹാൻ, ഫോർദോ, നഥാൻസ് എന്നീ ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ കഴിഞ്ഞദിവസം അമേരിക്ക നടത്തിയ ആക്രമണങ്ങളെ തുടർന്നാണ് തീരുമാനമെന്ന് ഇറാന്റെ മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പാർലമെന്റിന്റെ തുറന്ന സമ്മേളനത്തിൽ, ഐ.എ.ഇ.എയുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവെക്കാൻ ആവശ്യപ്പെടുന്ന രൂപരേഖയിൽ പാർലമെന്റ് അംഗങ്ങൾ യോജിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സെഷനിൽ ആകെ ഉണ്ടായിരുന്ന 223 പ്രതിനിധികളിൽ 221 പേർ അനുകൂലിച്ചും ഒരാൾ എതിർത്തും വോട്ടു ചെയ്തു.
ഒരാൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അതിനിടെ, തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവുമുണ്ടെന്ന് ഇറാൻ പ്രസ്താവിച്ചു. ഇറാന്റെ ‘സമാധാനപരമായ’ ആണവ പരിപാടി തുടരുന്നത് തടയാൻ കഴിയില്ലെന്നും ഇറാൻ ആണവോർജ സംഘടന അറിയിച്ചു. നേരത്തെ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ അന്താരാഷ്ട്ര ആണവോർജ ഏജൻസി അപലപിച്ചില്ലെന്ന് ആരോപിച്ച് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ഐക്യരാഷ്ട്രസഭ ആണവോർജ ഏജൻസിയെ വിമർശിച്ചിരുന്നു.
ഇറാനിയൻ ആണവ സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പ് നൽകുന്നതുവരെ ഐ.എ.ഇ.എയുമായുള്ള സഹകരണം ഇറാൻ നിർത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.