തെഹ്റാൻ: യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന് വ്യക്തമാക്കി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖാംനൗ. അതിന് യു.എസിന്റെ അനുമതി ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.എസുമായുള്ള ചർച്ചകൾ ഫലപ്രാപ്തിയിലെത്തുമോയെന്നതിൽ തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ചർച്ചകളിൽ ഒരു ഫലവുമുണ്ടാവുമെന്ന് തോന്നുന്നില്ല. എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും ആയത്തുള്ള ഖാംനൗ കൂട്ടിച്ചേർത്തു.
നേരത്തെ ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. യു.എസ് രഹസ്യാന്വേഷണ വിഭാഗമാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. സി.എൻ.എന്നാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇറാനുമായി യു.എസ് ആണവ ചർച്ചകൾ നടത്തുന്നതിനിടെയാണ് ഇസ്രായേൽ ആക്രമണത്തിനൊരുങ്ങുന്നുവെന്ന യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് പുറത്ത് വരുന്നത്.
ആക്രമണം മിഡിൽ ഈസ്റ്റിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് റിപ്പോർട്ട്. 2023ൽ ആരംഭിച്ച ഇസ്രായേലിന്റെ ഗസ്സ യുദ്ധത്തെ തുടർന്ന് മിഡിൽ ഈസ്റ്റിൽ വലിയ സംഘർഷസാധ്യത നിലനിൽക്കുന്നുണ്ട്. ആക്രമിക്കാനുള്ള അന്തിമ തീരുമാനം ഇസ്രായേൽ നേതാക്കൾ എടുത്തിട്ടില്ലെന്നും യു.എസ് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു. എന്നാൽ, ആണവചർച്ചകൾ നടക്കുമ്പോൾ ഇറാനെ ആക്രമിക്കാനുള്ള തീരുമാനത്തിന് യു.എസ് സർക്കാറിൽ നിന്ന് കടുത്ത എതിർപ്പുണ്ടെന്നും സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രായേൽ ഉന്നത ഉദ്യോഗസ്ഥരുടെ മെസേജുകളും മറ്റ് കമ്യൂണിക്കേഷനുകളും സൈനിക നീക്കവും പരിശോധിച്ചാണ് യു.എസ് രഹസ്യാന്വേഷണവിഭാഗം ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്. വ്യോമാക്രമണത്തിന് ഇസ്രായേൽ ഒരുക്കം തുടങ്ങിയെന്നും ഇതിനുള്ള പരിശീലനം ആരംഭിച്ചുവെന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.