ഇസ്രായേലിന്റെ ഹെർമസ് ഡ്രോൺ ഇസ്ഫഹാനിൽ വീഴ്ത്തിയതിന്റെ ഇറാൻ സൈനിക മിഡിയ ഓഫിസ് പുറത്തുവിട്ട ചിത്രം
തെഹ്റാൻ: ഇസ്രായേലും ഇറാനും തമ്മിലുള്ള ആക്രമണം ആറാം ദിവസവും തുടരുന്നു. ഇസ്രായേലിനെതിരെ പന്ത്രണ്ടാമത് റൗണ്ട് ആക്രമണത്തിൽ ഇന്ന് രാത്രി ഇറാൻ ദീർഘദൂര മിസൈലായ ‘സിജ്ജീൽ’ പ്രയോഗിച്ചു. ഈ ആക്രണത്തിന്റെ ആഘാതം സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. തെഹ്റാനിലെ യുറേനിയം സെൻട്രിഫ്യൂജ് കേന്ദ്രവും മിസൈലിന്റെ ഘടകങ്ങൾ നിർമിക്കുന്ന കേന്ദ്രവും ആക്രമണത്തിൽ തകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു. 10 മിസൈലുകളും തകർത്തു. പടിഞ്ഞാറൻ ഇറാനിലെ മിസൈൽ സംഭരണകേന്ദ്രങ്ങളും ആക്രമിച്ചു. തെഹ്റാനിൽ ബുധനാഴ്ച പുലർച്ച ശക്തമായ സ്ഫോടനമുണ്ടാായി. ഇസ്രായേൽ ആക്രമണത്തിൽ 224 പേർ കൊല്ലപ്പെട്ടതായും 1277 പേർക്ക് പരിക്കേറ്റതായും ഇറാൻ സ്ഥിരീകരിച്ചു. ഇറാൻ ഇതുവരെ 400 മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളുമാണ് തൊടുത്തത്. ഇസ്രായേലിൽ 24 പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയുംചെയ്തു.
ഇറാന്റെ ദീർഘദൂര മിസൈലായ ‘സിജ്ജീൽ
മിസൈൽ ആക്രമണങ്ങൾ കേന്ദ്രീകൃതവും തുടർച്ചയായതുമായിരിക്കുമെന്ന് ഇറാൻ സൈനികവിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അറിയിച്ചു. അധിനിവേശ ശക്തികളുടെ ആകാശം ഇറാനിയൻ മിസൈലുകൾക്കും ഡ്രോണുകൾക്കുമായി തുറന്നിരിക്കുന്നുവെന്ന് ഐ.ആർ.ജി.സി പ്രസ്താവനയിൽ പറഞ്ഞു. ‘മിസൈൽ ആക്രമണങ്ങൾ കേന്ദ്രീകൃതവും തുടർച്ചയായും ആയിരിക്കും, ഞങ്ങൾ സയണിസ്റ്റുകൾക്ക് നരകത്തിന്റെ കവാടങ്ങൾ തുറന്നിരിക്കുന്നു’ -സൈനിക പ്രസ്താവനയിൽ പറഞ്ഞു.
ഇറാൻ സ്വന്തമായി രൂപകൽപന ചെയ്ത് നിർമിച്ച സോളിഡ്-പ്രൊപല്ലന്റ്, മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈൽ ആണ് സിജ്ജീൽ എന്ന് യുഎസ് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിലെ മിസൈൽ ഡിഫൻസ് പ്രോജക്റ്റ് പറയുന്നു. 18 മീറ്റർ (59 അടി) നീളമുള്ള ഈ മിസൈലിന് 2,000 കിലോമീറ്റർ ദൂരപരിധിയുണ്ട്. ഏകദേശം 700 കിലോഗ്രാം (1,543 പൗണ്ട്) ഭാരം വഹിക്കാൻ കഴിയും.
അതിനിടെ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കുമുന്നിൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്രായേലുമായി ആക്രമണം കനക്കുന്നതിനിടെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഈയാണ് ഇറാന്റെ നിലപാട് തുറന്നുപറഞ്ഞത്. ‘ബോധമുള്ള ആരും ഈ ഭാഷയിൽ ഇറാനോട് സംസാരിക്കില്ല. ഇറാൻ ആർക്കു മുന്നിലും കീഴടങ്ങില്ല. ഭീഷണിയുടെ സ്വരവുമായി ഇങ്ങോട്ട് വരേണ്ട. അമേരിക്ക സൈനികമായി ഇടപെട്ടാൽ അവർക്ക് ഗുരുതരമായ പ്രത്യാഘാതമാണുണ്ടാവുക’ -വിഡിയോയിലൂടെ രാജ്യത്തെ അഭിസംബോധനചെയ്ത ഖാംനഈ മുന്നറിയിപ്പ് നൽകി. ഖാംനഈ ഒളിച്ചിരിക്കുന്ന സ്ഥലം യു.എസിന് അറിയാമെന്നും ഉടൻ നിരുപാധികം കീഴടങ്ങണമെന്നും കഴിഞ്ഞദിവസം ട്രംപ് പറഞ്ഞിരുന്നു.
അതേസമയം, ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രായേലുമായി കൈകോർക്കാൻ ട്രംപ് ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് ഫോർദോ യുറേനിയം സമ്പുഷ്ടീകരണ ഭൂഗർഭ ആണവനിലയ കേന്ദ്രം തകർക്കലാണ് ഇതിൽ പ്രധാനമെന്ന് മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഖാംനഈ നിരുപാധികം കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ അടുത്ത ഘട്ടത്തെക്കുറിച്ച് ട്രംപ് ദേശസുരക്ഷ സംഘവുമായി ചർച്ച നടത്തി.
യു.എസ് മേഖലയിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങൾ അയക്കുകയും ചെയ്തു. ഇറാൻ-ഇസ്രായേൽ സംഘർഷത്തിന് ഉടൻ പരിഹാരം കാണണമെന്നും മധ്യസ്ഥതക്കായി സഹായിക്കാമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് ആൽ നഹിയാനുമായുള്ള ഫോൺ സംഭാഷണത്തിലാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.