മാർക്ക് കാർണി, ഷി ജിൻപിങ്ങ്
ബീജീങ്: പുതിയ വ്യാപാര ബന്ധങ്ങൾക്ക് തുടക്കം കുറിച്ച് കാനഡയും ചൈനയും. കാനഡയും ചൈനയും പുതിയ വ്യാപാര പങ്കാളിത്തവുമായി മുന്നേറുകയാണെന്നും ഇരുപക്ഷവും പരസ്പരം പ്രയോജനപ്പെടുത്തുന്നതിലൂടെ ചരിത്രപരമായ നേട്ടങ്ങൾ കൈവരിക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വെള്ളിയാഴ്ച ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിനോട് പറഞ്ഞു.
മാർക്ക് കാർണിയുടെ ചൈന സന്ദർശന വേളയിലാണ് പ്രസ്താവന. 2017 ന്ശേഷം ചൈന സന്ദർശിക്കുന്ന ആദ്യ കനേഡിയൻ പ്രസിഡന്‍റാണ് അദ്ദേഹം. ഇരു രാജ്യങ്ങളും കൃഷി, ഭക്ഷ്യ വസ്തുക്കൾ, ഊർജം, ധനകാര്യം എന്നീ മേഖലകളിലാണ് സഹകരണം ശക്തമാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങൾക്കും ഉടനടി സുസ്ഥിര വികസനം സാധ്യമാകുന്ന മേഖലകളാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസിന് ശേഷം കാനഡയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന.
ബീജിംഗിൽ നടന്ന ഒരു പ്രധാന യോഗത്തിന് ശേഷം ചൈനീസ് നേതാവ് ഷി ജിൻപിങ്ങും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും താരിഫുകൾ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു, ഇത് അവരുടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള സൂചനയാണ്.
മാർച്ച് ഒന്നോടെ കനേഡിയൻ കനോല എണ്ണയുടെ താരിഫ് ചൈന 85% ൽ നിന്ന് 15% ആയി കുറക്കും. അതേസമയം ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് ഏറ്റവും അനുകൂലമായ നിരക്കായ 6.1% നികുതി ചുമത്താൻ കാനഡയും തീരുമാനിച്ചു.
വർഷങ്ങളോളം വ്യാപാരബന്ധം മോശമായിരുന്ന രാജ്യങ്ങൾക്കിടയിലുണ്ടായ വഴിത്തിരിവാണ് പുതിയ കരാർ. ഏകദേശം ഒരു ദശാബ്ദത്തിനിടെ ചൈന സന്ദർശിക്കുന്ന ആദ്യത്തെ കനേഡിയൻ നേതാവായ കാർണിയുടെ വിജയം കൂടിയാണിത്.
2024ൽ ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡ 100% താരിഫ് ചുമത്തിയിരുന്നു. ഇന്നത്തേതിന് സമാനമായ യു.എസ് താരിഫ് നയങ്ങളെ തുടർന്നായിരുന്നു ഇത്. കാനഡയുടെ കനോള സീഡിനും എണ്ണക്കും നികുതി വർധിപ്പിച്ച് ചൈനയും മറുപടി നൽകി. ഇതോടെ ചൈനയിലെ കനേഡിയൻ ഉത്പന്നങ്ങളുടെ ഇറക്കുമതി വെറും 10 ശതമാനമായി കുറഞ്ഞു.
യു.എസിന്‍റെ പ്രധാന സഖ്യകക്ഷികളിലൊന്നായ കാനഡയെ യു.എസിന്‍റെ പ്രധാന എതിരാളിയിലേക്ക് തള്ളിവിട്ടത് ട്രംപിന്‍റെ താരിഫ് നയങ്ങളാണെന്ന് മാർക്ക് കാർണി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.