ഡോണൾഡ് ട്രംപ്

ഇറാനിൽ ​പ്രക്ഷോഭം അയഞ്ഞു; ട്രംപിന് മതപണ്ഡിതന്റെ ഭീഷണി

തെഹ്റാൻ: അടിച്ചമർത്തൽ ശക്തമായതോടെ ഇറാനിൽ പ്രതിഷേധങ്ങൾ സമ്പൂർണമായി അയയുന്നു. തെഹ്‌റാനിൽ ദിവസങ്ങളായി പ്രതിഷേധങ്ങളുടെ ലക്ഷണങ്ങളില്ല. ജീവിതം സാധാരണനിലയിലേക്ക് മടങ്ങിയെങ്കിലും ഒരാഴ്ചയായി ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. യു.എസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയുടെ കണക്കു പ്രകാരം പ്ര​ക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 3090 ആയി.

കസ്റ്റഡിയിലെടുത്ത നൂറുകണക്കിന് പ്രതിഷേധക്കാരെ വധിക്കാത്തതിന് ഇറാൻ നേതാക്കൾക്ക് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നന്ദി പറഞ്ഞു. ഇറാൻ 800ൽ അധികം പേരുടെ തൂക്കിലേറ്റൽ റദ്ദാക്കിയെന്ന് ട്രംപ് വാഷിങ്ടണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു, ഈ തീരുമാനത്തെ ബഹുമാനിക്കുന്നെന്നും ട്രംപ് കൂട്ടിച്ചേർത്തു. വധശിക്ഷ റദ്ദാക്കിയത് സ്ഥിരീകരിക്കാൻ ഇറാനിൽ ആരുമായി സംസാരിച്ചെന്ന് ട്രംപ് വ്യക്തമാക്കിയില്ല. ഇറാന്റെയും അമേരിക്കയുടെയും സഖ്യകക്ഷികൾ സംഘർഷം ലഘൂകരിക്കാൻ ശ്രമിക്കുന്നതിനിടെ പ്രമുഖ മതപണ്ഡിതൻ ആയത്തുല്ല അഹമ്മദ് ഖതാമിയുടെ പ്രസംഗം വിവാദമായി. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ട്രംപും പ്രതികാരം പ്രതീക്ഷിച്ചിരിക്കണമെന്ന് ഇറാനിയൻ സ്റ്റേറ്റ് റേഡിയോ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. ഇറാന്റെ അസംബ്ലി ഓഫ് എക്‌സ്‌പെർട്ട്‌സിലെയും ഗാർഡിയൻ കൗൺസിലിലെയും അംഗമായ ഖതാമി കടുത്ത നിലപാടുകാരനാണ്. നെതന്യാഹുവിന്റെയും ട്രംപിന്റെ സൈനികരുടെയും പാചകക്കാരാണ് പ്രതിഷേധക്കാരെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കക്കാരും സയണിസ്റ്റുകളും സമാധാനം പ്രതീക്ഷിക്കരുതെന്നും ഖതമി കൂട്ടിച്ചേർത്തു. 50 പള്ളികൾക്കും 126 പ്രാർഥനാ ഹാളുകൾക്കും പ്രക്ഷോഭത്തിനിടെ നാശമുണ്ടായതായി ഖതമി പറഞ്ഞു. 80 വീടുകൾക്കും 400 ആശുപത്രികൾ, 106 ആംബുലൻസുകൾ, 71 ഫയർഫോഴ്‌സ് വാഹനങ്ങൾ, 50 അടിയന്തര വാഹനങ്ങൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചതായും അദ്ദേഹം പറഞ്ഞു.

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വെള്ളിയാഴ്ച ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനോടും നെതന്യാഹുവിനോടും സംസാരിച്ചതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. പ്രതിഷേധങ്ങളെക്കുറിച്ച് റഷ്യ മുമ്പ് മൗനം പാലിച്ചിരുന്നു.യു.എസ് സൈനിക ഇടപെടൽ ആഗോള സമ്പദ്‌വ്യവസ്ഥയെ ഇളക്കിമറിക്കുമെന്നും മേഖലയെ അസ്ഥിരപ്പെടുത്തുമെന്നും ഈജിപ്ത്, ഒമാൻ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതിനിടെ, ഇടപെടുമെന്ന വാക്ക് പാലിക്കണമെന്ന് ഇറാന്റെ നിഷ്‍കാസിതനായ കിരീടാവകാശി റെസ പഹ്‌ലവി അമേരിക്കയോട് ആവശ്യപ്പെട്ടു.

Tags:    
News Summary - Protests flare up in Iran; Religious scholar threatens Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.