വാഷിങ്ടൺ: യു.എസിലെ ഒഹായോ ഗവർണർ സ്ഥാനത്തേക്ക് ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ വിവേക് രാമസ്വാമിയെ പിന്തുണച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഒഹായോയിലെ തന്റെ ജന്മനാടായ മിഡിൽടൗണിലെ ക്ലീവ്‌ലാൻഡ്-ക്ലിഫ്സ് സ്റ്റീൽ പ്ലാന്റിൽ വെള്ളിയാഴ്ചയാണ് വിവേക് രാമസ്വാമിയെ പിന്തുണച്ച് വാൻസ് പ്രസംഗിച്ചത്.
"നമുക്കൊരു മികച്ച ഗവർണർ സ്ഥാനാർഥിയുണ്ട്, ഒഹായോയുടെ മികച്ച ഗവർണർ, ഒഹായോയുടെ അടുത്ത മികച്ച ഗവർണറാവേണ്ടതുമായ എന്റെ സുഹൃത്ത് വിവേക് രാമസ്വാമി," സദസ്സിനെ അഭിസംബോധന ചെയ്യാൻ രാമസ്വാമിയെ ക്ഷണിച്ചുകൊണ്ട് വാൻസ് പറഞ്ഞു.
ഒഹായോയുടെ അടുത്ത ഗവർണറായി വിവേക് മികച്ച പ്രവർത്തനം കാഴ്ചവെക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാമസ്വാമിയും വാൻസിന്റെ ആറു വയസ്സുകാരനായ മകനും തമ്മിലുള്ള ഒരു ഇന്റർനെറ്റ് മീമിനെക്കുറിച്ച് സംസാരിച്ച വൈസ് പ്രസിഡന്റ് സദസ്സിൽ ചിരിപടർത്തി. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായാണ് വിവേക് മത്സരിക്കുന്നത്.
കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരുടെ മകനായ വിവേക് രാമസ്വാമി ജനിച്ചത് ഒഹായോയിലെ സിൻസിനാട്ടിയിലാണ്. മാതാപിതാക്കൾ കേരളത്തിലെ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ്. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബയോളജിയിൽ ബിരുദവും യേൽ ലോ സ്കൂളിൽ നിന്ന് നിയമബിരുദവും നേടിയിട്ടുണ്ട്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രൈമറി തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയാണ് അദ്ദേഹം സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത്. വരാനിരിക്കുന്ന ഗവർണർ തിരഞ്ഞെടുപ്പിൽ അദ്ദേഹം ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായ ഡോ. ആമി ആക്ടനെതിരെ മത്സരിക്കും. യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപും ഒഹായോ റിപ്പബ്ലിക്കൻ പാർട്ടിയും വിവേകിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിവേകിന്റെ ഗവർണർ സ്ഥാനാർത്ഥിത്വം റിപ്പബ്ലിക്കൻ രാഷ്ട്രീയത്തിൽ ഇന്ത്യൻ അമേരിക്കക്കാരുടെ സ്വാധീനം മെച്ചപ്പെടുത്താൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.