‘ഏറ്റവും പ്രധാനപ്പെട്ട രണ്ടുപേർ ഇവരാണ്...’; യു.എസ്-ഇറാൻ സമാധാന ചർച്ചക്കിടെ ജെ.ഡി. വാൻസ് -വിഡിയോ

ബർഗൻസ്റ്റോക്ക്: തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടുപേർ ഒരു ഇന്ത്യക്കാരിയും പാകിസ്ഥാനിയുമാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്കിൽ നടന്ന യു.എസ്-ഇറാൻ സമാധാന ചർച്ചക്കിടയിലായിരുന്നു വാൻസ്. ഭാര്യ ഉഷ വാൻസിനെയും പാകിസ്താൻ കരസേന മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെയുമാണ് അദ്ദേഹം പരാമർശിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ താൻ ഏറ്റവുമധികം ആശയവിനിമയം നടത്തിയത് അസിം മുനീറുമായിട്ടാണെന്നും, അദ്ദേഹത്തിന്റെ നയതന്ത്ര ചാതുര്യമാണ് ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചതെന്നും വാൻസ് വ്യക്തമാക്കി. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും സമാധാനപരമായ അന്തരീക്ഷം കെട്ടിപ്പടുക്കാനും പാകിസ്താൻ നൽകിയ പിന്തുണയെ അദ്ദേഹം പ്രശംസിച്ചു. പാകിസ്താനും ഖത്തറുമാണ് ഈ സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്നത്. പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫും കരസേന മേധാവി അസിം മുനീറും ചർച്ചകളിൽ പങ്കെടുത്തിരുന്നു.

ഭാര്യ ഉഷ വാൻസുമായുള്ള ബന്ധത്തെക്കുറിച്ച് പലപ്പോഴും ജെ.ഡി. വാൻസ് പരസ്യമായി സംസാരിക്കാറുണ്ട്. ആന്ധ്രാപ്രദേശിൽനിന്നുള്ള കുടിയേറ്റക്കാരുടെ മകളായ ഉഷയുമായുള്ള അദ്ദേഹത്തിന്റെ വിവാഹവും വ്യക്തിജീവിതത്തിലെ ഇടപെടലുകളും നേരത്തെയും മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. 

അതേസമയം, നേരത്തെ ഏപ്രിലിൽ പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന ആദ്യഘട്ട ചർച്ചകൾ പരാജയപ്പെട്ടിരുന്നു. തുടർന്ന് വെടിനിർത്തൽ കരാർ യു.എസും ഇറാനും ഔദ്യോഗികമായി ഒപ്പുവെച്ചതിനുശേഷം നടന്ന ചർച്ചയായിരുന്നു നടന്നത്. അതേസമയം, ചർച്ചകൾക്കിടയിലും ഇറാനുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ തുടരുന്നതിനാൽ ഈ ചർച്ചകൾ അതീവ ശ്രദ്ധയോടെയാണ് ലോകം വീക്ഷിക്കുന്നത്.

Tags:    
News Summary - 'The two most important people in life are Indian and Pakistani...'; JD Vance during US-Iran peace talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.