ബർഗൻസ്റ്റോക്ക്: യു.എസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇടക്കാല കരാറിന്റെ ഭാഗമായുള്ള ആദ്യഘട്ട സാങ്കേതികതല ചർച്ചകൾ സ്വിറ്റ്സർലൻഡിൽ സമാപിച്ചു.
യുഎസും ഇസ്രായേലും ചേർന്ന് ഫെബ്രുവരി അവസാനത്തിൽ ആരംഭിച്ച സംഘർഷം പരിഹരിക്കുന്നതിനായി നടന്ന ചർച്ചയിൽ പാകിസ്താനിൽനിന്നും ഖത്തറിൽ നിന്നുമുള്ള മധ്യസ്ഥരും പങ്കെടുത്തു. ചർച്ചകളിൽ ‘വലിയ പുരോഗതി’യുണ്ടായതായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അറിയിച്ചു.
യുഎസ് പ്രതിനിധി സംഘത്തിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന് പുറമെ ജാരെഡ് കുഷ്നർ, സ്റ്റീവ് വിറ്റ്കോഫ് എന്നിവരാണുള്ളത്. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരാണ് തെഹ്റാൻ സംഘത്തെ നയിക്കുന്നത്.
ചർച്ചക്കായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും കരസേനാ മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറും സ്വിറ്റ്സർലൻഡിലെത്തിയിട്ടുണ്ട്.
ലബനാനിലെ സമഗ്രമായ വെടിനിർത്തൽ, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകൽ എന്നിവയാണ് ചർച്ചയിലെ പ്രധാന വിഷയങ്ങൾ. ലബനനിലെ സംഘർഷവും ആസ്തികൾ വിട്ട് നൽകുന്നതുമായി ബന്ധപ്പെട്ട് ഇറാൻ, യുഎസ്, ഖത്തർ എന്നിവർ തമ്മിൽ ത്രികക്ഷി ചർച്ചകൾ നടന്നതായി ഇറാൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ഐ.ആർ.ഐ.ബി റിപ്പോർട്ട് ചെയ്തു.
എന്നാൽ, പാകിസ്താനും ചർച്ചയിൽ പങ്കാളിയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌ലാമാബാദ് ധാരണാപത്രം നടപ്പാക്കുന്നതിന്റെ ഭാഗമായി പാകിസ്താനുമായി പ്രത്യേക കൂടിയാലോചനകൾ നടത്തുമെന്ന് ഇറാൻ അറിയിച്ചു.
കഴിഞ്ഞയാഴ്ച ഒപ്പുവെച്ച 14 ഇന ധാരണാപത്രം നടപ്പിലാക്കുന്നതിനായി സാങ്കേതിക ചർച്ചകൾക്കാണ് ഇരുരാജ്യങ്ങളും തുടക്കമിട്ടിരിക്കുന്നത്. ആണവ വിഷയത്തിലും ലബനാൻ വെടിനിർത്തലിലും പുരോഗതി കൈവരിക്കാനാണ് ശ്രമിക്കുന്നതെന്ന് വാൻസ് മാധ്യമങ്ങളോട് പറഞ്ഞു.
ഇസ്രായേൽ ലബനാനിൽ നടത്തിയ ആക്രമണത്തെത്തുടർന്ന് വെളളിയാഴ്ച നടക്കേണ്ടിയിരുന്ന ചർച്ചകൾ മാറ്റിവെച്ചിരുന്നു. കരാറിലെ വ്യവസ്ഥകൾ യു.എസ് നടപ്പിലാക്കണമെന്നും അല്ലാത്തപക്ഷം ധാരണ തകരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
അതിനിടെ, ഇസ്രായേലിന്റെ ലബനാനിലെ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഹുർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ് അറിയിച്ചിട്ടുണ്ട്. എന്നാൽ, കടലിടുക്ക് വഴി ശനിയാഴ്ച 55 വാണിജ്യ കപ്പലുകൾ കടന്നുപോയതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ ഹുർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകൾക്ക് ടോൾ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.