ജനീവ: യു.എസുമായുള്ള ഇറാന്റെ രണ്ടാംഘട്ട ആണവചർച്ചക്ക് സമാപനം. ജനീവയിൽ നടന്ന ചർച്ച മൂന്നുമണിക്കൂർ നീണ്ടതായി ഇറാൻ ദേശീയ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഹുർമുസ് കടലിടുക്ക് തത്സമയ സൈനിക പരിശീലനത്തിനായി അടച്ചിട്ടതായി ഇറാൻ പ്രഖ്യാപിച്ച സമയത്താണ് ചർച്ച നടന്നത്. സൈനികാഭ്യാസത്തിനായി ഹോർമുസ് കടലിടുക്ക് മണിക്കൂറുകളോളം അടച്ചിടുമെന്ന് ഇറാൻ പ്രഖ്യാപിച്ചതോടെ, മേഖലയിൽ തങ്ങളുടെ സൈനികശക്തി വർധിപ്പിക്കുകയാണ് യു.എസ്. ഇതാദ്യമായാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത്.
ചർച്ചകൾക്കു ശേഷം യു.എസുമായി കരാറിലേക്കുള്ള വഴി തുറന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഗൗരവമേറിയ ചർച്ചകൾക്കിടയിൽ ഒരു കരാറിന്റെ പ്രധാന തത്വങ്ങളിൽ ഇറാനും യു.എസും ധാരണയിലെത്തിയെന്നാണ് അരാഗ്ചി അറിയിച്ചത്. അതേസമയം, ചില പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസുമായുള്ള രണ്ടാംഘട്ട ആണവ ചർച്ച ജനീവയിൽ നടക്കാനിരിക്കെ, ഹോർമൂസ് കടലിടുക്കിലേക്ക് ഇറാൻ മിസൈൽ പരീക്ഷണം നടത്തിയിരുന്നു. ഇറാനിൽ നിന്നും അതിന്റെ തീരത്തുനിന്നും വിക്ഷേപിച്ച മിസൈലുകൾ ഹോർമൂസ് കടലിടുക്കിലെ ലക്ഷ്യങ്ങളിൽ പതിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകത്തിലെ എണ്ണയുടെ 20 ശതമാനം കടന്നുപോകുന്ന നിർണായക അന്താരാഷ്ട്ര വ്യാപാര പാതകളായ ഹോർമൂസ് കടലിടുക്ക്, പേർഷ്യൻ ഗൾഫ്, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ തങ്ങളുടെ അർധസൈനിക വിഭാഗം അഭ്യാസം നടത്തിയതായി ഇറാൻ സ്ഥിരീകരിച്ചു. ഇറാൻ തീരത്തേക്ക് യു.എസ് വീണ്ടും ബോംബാക്രമണവും ഇറാൻ വലിയതോതിൽ നാവികാഭ്യാസങ്ങളും നടത്തുന്ന സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടക്കുന്നത്. ആദ്യഘട്ട ചർച്ച ഫെബ്രുവരി ആറിന് ഒമാനിൽ നടന്നിരുന്നു. ആണവചർച്ച ഫലം കണ്ടില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടിയുണ്ടാകുമെന്നായിരുന്നു യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ഇറാനിലെ ഭരണവിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനെതിരെയും ട്രംപ് രംഗത്തുവന്നിരുന്നു. ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നായിരുന്നു ഇറാന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.