അബ്ബാസ് അരാഗ്‌ചി
ഇസ്‌ലാമാബാദ്: യു.എസുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി വെള്ളിയാഴ്ച രാത്രി പാകിസ്താനിലെത്തും. മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാനായി ഇരുരാജ്യങ്ങളും നടത്തുന്ന രണ്ടാമത്തെ വെടിനിർത്തൽ ചർച്ചക്കാണ് ഇറാൻ വിദേശകാര്യമന്ത്രി ഇസ്‌ലാമാബാദിൽ എത്തുന്നത്.
പാകിസ്താൻ വിദേശകാര്യമന്ത്രി ഇഷാഖ് ദാറുമായി അരാഗ്‌ചി ഫോണിൽ സംസാരിക്കുകയും, യുദ്ധം അവസാനിപ്പിക്കാനായി പാകിസ്താൻ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഇസ്‌ലാമാബാദിലെ ചർച്ചകൾക്ക് ശേഷം അരാഗ്‌ചി മോസ്കോയിലേക്കും മസ്കറ്റിലേക്കും യാത്ര തിരിക്കും.
ഫെബ്രുവരി 28നാണ് ഇസ്രായേലും യു.എസും സംയുക്തമായി ഇറാനെതിരെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെടുകയും ചെയ്തു. ഖാംനഈയുടെ മരണത്തിൽ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച ഇറാൻ, ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ എംബസികളിലേക്കും നാവിക താവളങ്ങളിലേക്കും ആക്രമണം നടത്തി. പ്രദേശത്ത് സംഘർഷം കടുത്തതോടെ വെടിനിർത്തൽ ആവിശ്യപ്പെട്ട് നിരവധി രാജ്യങ്ങൾ മുന്നോട്ട് വന്നിരുന്നു. ശേഷം പാക്സിതാൻ ഇടപെട്ട് നടത്തിയ ചർച്ചയിൽ ഏപ്രിൽ 8ന് വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 22ന് അവസാനിച്ച ആദ്യ വെടിനിർത്തൽ കരാറിന് ശേഷം വീണ്ടും ഒരു ചർച്ചക്ക് ഒരുങ്ങുകയാണ് ഇരു രാജ്യങ്ങളും.
ഏപ്രിൽ 13ന് ഡോണൾഡ് ട്രംപ് ഇറാന് മേൽ ഏർപ്പെടുത്തിയ നാവിക ഉപരോധത്തെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ വഷളായിരുന്നു. ഹുർമുസ് കടലിടുക്കിലെ കപ്പലുകൾ പിടിച്ചെടുക്കലും വെടിവെപ്പും മേഖലയിലെ സ്ഥിതിഗതികൾ യുദ്ധസമാനമാക്കി. ഉപരോധം നീക്കാതെ ചർച്ചക്കില്ലെന്ന നിലപാടിലായിരുന്നു ഇറാൻ സ്വീകരിച്ചത്. എന്നാൽ, വെള്ളിയാഴ്ച രാവിലെ നടന്ന നയതന്ത്ര നീക്കങ്ങൾ ചർച്ചകൾക്ക് പുതിയ ജീവൻ നൽകിയിരിക്കുകയാണ്.
രണ്ടാം ഘട്ട ചർച്ചകൾക്കായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്നർ എന്നിവരടങ്ങുന്ന യു.എസ് സംഘം പാകിസ്താനിലെത്തുമെന്നാണ് റിപ്പോർട്ട്. ചർച്ചകൾക്കായി ഒൻപതോളം യു.എസ് വിമാനങ്ങൾ ഇതിനകം തന്നെ ഇസ്‌ലാമാബാദിൽ എത്തിയിട്ടുണ്ട്. ഇറാന്റെ ആണവപദ്ധതി, യു.എസ് ഉപരോധങ്ങൾ, ഹുർമുസ് കടലിടുക്കിന്റെ ഭാവി എന്നിവയാണ് ചർച്ചയിലെ പ്രധാന തർക്കവിഷയങ്ങൾ. സമാധാന ചർച്ചകൾ അന്ത്യത്തിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയിലാണ് ലോകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.