തെ്ഹറാൻ: ഇസ്രായേലി ആക്രമണകാരികളെ അതിന്റെ ഉത്തരവാദിത്തമേൽപ്പിക്കണമെന്നും അവരുടെ പ്രവൃത്തികളെ അപലപിക്കണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ച് ഇറാൻ. ഇറാനെതിരായ ഇസ്രായേൽ ഭരണകൂടത്തിന്റെ ആക്രമണം അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായ് പറഞ്ഞു.
ഇസ്രായേൽ ആക്രമണം എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും യു.എൻ ചാർട്ടറിനും മനുഷ്യാവകാശങ്ങൾക്കും വിരുദ്ധമാണ്. യു.എൻ ചാർട്ടറിന്റെ ഏഴാം അധ്യായം അടിസ്ഥാനമാക്കി സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും യു.എൻ സുരക്ഷാ കൗൺസിലും ആക്രമണവും ഭീഷണിയും സമാധാന ലംഘനങ്ങളും തടയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ബോർഡ് ഓഫ് ഗവർണേഴ്‌സ് പ്രമേയം 533 ഉൾപ്പെടെയുള്ള എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളും അനുസരിച്ച് ഒരു രാജ്യത്തിന്റെ സമാധാനപരമായ ആണവ സൗകര്യങ്ങൾക്കെതിരായ ഏതൊരു ഭീഷണിയും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഐക്യരാഷ്ട്രസഭയും ഐ.എ.ഇ.എയും യു.എൻ.എസ്.സിയും നടപടിയെടുക്കുമെന്നും ആക്രമണകാരിയെ ഉത്തരവാദിത്തപ്പെടുത്തുമെന്നും ഇറാൻ പ്രതീക്ഷിക്കുന്നു. ഇസ്രായേൽ ഭരണകൂടത്തിന്റെ ഈ പ്രവൃത്തിയെ ഐക്യരാഷ്ട്രസഭയിലും ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലും അപലപിക്കാൻ അദ്ദേഹം മറ്റ് രാജ്യങ്ങളോടും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.