മുജ്തബ ഖംനഈ

'യഥാർത്ഥ ശത്രുവിനെ തിരിച്ചറിയൂ'; മുസ്‌ലിം രാജ്യങ്ങളുടെ ഐക്യത്തിന് ആഹ്വാനം ചെയ്ത് മുജ്തബ ഖംനഈ

തെഹ്‌റാൻ: പശ്ചിമേഷ്യൻ മേഖലയിലെ മുസ്‌ലിം രാജ്യങ്ങൾ യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞ് പരസ്പരം ഐക്യപ്പെടണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖംനഈ. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളോടും ഐക്യ വാരത്തോടും അനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക സന്ദേശത്തിലാണ് അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ അറബ്-ഗൾഫ് രാജ്യങ്ങൾ ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തത്.

മേഖലയിലെ രാജ്യങ്ങൾക്കിടയിൽ ഭിന്നതയും വിള്ളലുമുണ്ടാക്കാനാണ് ബാഹ്യശക്തികൾ ശ്രമിക്കുന്നതെന്നും ഇതിനെതിരെ മുസ്‌ലിം ലോകം കൂട്ടായ പ്രതിരോധം തീർക്കണമെന്നും ഖംനഈ വ്യക്തമാക്കി. ഇസ്‌ലാമിക രാജ്യങ്ങളുടെ ഐക്യത്തിലൂടെ മാത്രമേ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും സമാധാനം ഉറപ്പാക്കാനും സാധിക്കൂ. ഗൾഫ് ഭരണാധികാരികൾ തങ്ങളുടെ യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞ് അതിനെ നേരിടാനുള്ള പദ്ധതികൾ തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഇറാൻ-യുഎസ് സംഘർഷങ്ങളും ഉപരോധങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ, അയൽരാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കാൻ ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും വിദേശകാര്യ മന്ത്രാലയവും ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. മേഖലയിലെ സ്ഥിരതയും സ്വയംപര്യാപ്തമായ സുരക്ഷയും ഉറപ്പാക്കാൻ മുസ്‌ലിം രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ-സാമ്പത്തിക സഹകരണം അനിവാര്യമാണെന്ന് ഇറാൻ നേതൃത്വം ആവർത്തിച്ചു.

മുസ്‌ലിം സമൂഹത്തിനിടയിൽ ആഭ്യന്തര ഭിന്നതകളും തർക്കങ്ങളും സൃഷ്ടിക്കാൻ ബോധപൂർവ്വമായോ അല്ലാതെയോ ശ്രമിക്കുന്ന ഏതൊരാളും ഇസ്‌ലാമിന്റെ ശത്രുക്കളെയാണ് സഹായിക്കുന്നതെന്ന് ഖംനഈ മുന്നറിയിപ്പ് നൽകി. വംശീയവും സാംസ്കാരികവും രാഷ്ട്രീയവുമായ വ്യത്യാസങ്ങളെ മുതലെടുത്ത് മുസ്‌ലിം രാജ്യങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കാനാണ് ശത്രുക്കൾ ശ്രമിക്കുന്നത്. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലും സാമ്പത്തിക സുരക്ഷാ മേഖലകളിലും ഇസ്‌ലാമിക രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര സഹകരണം വിപുലപ്പെടുത്തുന്നത് ലോകത്ത് ഇസ്‌ലാമിക സമൂഹത്തിന്റെ ശാക്തീകരണത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം സന്ദേശത്തിൽ ഓർമിപ്പിച്ചു.

സ്വന്തം രാജ്യത്തെ ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള ഐക്യം നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തര സാമൂഹിക ഐക്യത്തിന് തുരങ്കം വെക്കുന്ന തരത്തിലുള്ള യാതൊരുവിധ നീക്കങ്ങളും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ഖംനഈ, സമ്പദ്‌വ്യവസ്ഥയിൽ ഡോളറിന്റെ ആധിപത്യം കുറയ്ക്കുന്നതിനും ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ആഹ്വാനം ചെയ്തു. ബാഹ്യ ഉപരോധങ്ങളെയും സാമ്പത്തിക ഉപരോധങ്ങളെയും അതിജീവിച്ച് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ സ്വയംപര്യാപ്തതയിലൂടെ മാത്രമേ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Tags:    
News Summary - Iran Supreme Leader Mojtaba Khamenei Calls for Unity Among Muslim Countries and Gulf States

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.