ഒറ്റ ഫോൺ കോൾ; 1,643 കുട്ടികളുടെ ജീവനുകൾ രക്ഷിച്ച് പ്രധാന അധ്യാപകൻ

കാഠ്മണ്ഡു: നേപ്പാളിനെ പിടിച്ചുലച്ച പ്രളയത്തിൽനിന്ന് സ്കൂൾ പ്രിൻസിപ്പലിന്റെ സമയോചിത ഇടപെടലിൽ രക്ഷപ്പെട്ടത് 1,643 കുട്ടികൾ. നുവാകോട്ടിലെ ത്രിഭുവൻ ത്രിശൂലി സെക്കൻഡറി സ്കൂളിലെ 47 കാരനായ ഇംഗ്ലീഷ് അധ്യാപകനും പ്രിൻസിപ്പലുമായ രാജേന്ദ്ര ദവാഡിയെ ബുധനാഴ്ച രാവിലെ 9.20-ഓടെയാണ് സുഹൃത്ത് വിളിച്ച് വില്ലേജ് ഒട്ടാകെ ഒലിച്ചുപോയെന്നും രക്ഷപ്പെടാൻ ശ്രമിക്കാനും മുന്നറിയിപ്പ് നൽകുന്നത്.

ആദ്യം സ്കൂൾ കോൺക്രീറ്റ് കെട്ടിടമായതിനാലും നദിയിൽനിന്ന് 60 മീറ്റർ ഉയരത്തിലായതിനാലും സുരക്ഷിതമാണെന്നാണ് കരുതിയത്. എന്നാൽ വെള്ളം വേഗത്തിൽ ഇരച്ചെത്തുന്നുവെന്ന് ഒരു രക്ഷിതാവ് കൂടി അറിയിച്ചതോടെ അദ്ദേഹം ഉടനടി നടപടികളിലേക്ക് കടന്നു. സ്കൂൾ ബെൽ മുഴക്കി അധ്യാപകരോട് ക്ലാസ്സ് മുറികൾ ഒഴിപ്പിക്കാൻ ആവശ്യപ്പെട്ടു. സ്കൂൾ ബസ് ഡ്രൈവർമാരെ ബന്ധപ്പെട്ട് ഒരെണ്ണം ഒഴികെയുള്ളവയെ തിരിച്ചുവിളിച്ചു.

കുട്ടികൾ കാൽനടയായും പരിഭ്രാന്തിയിലായ ഒരു പെൺകുട്ടി മോട്ടോർ ബൈക്കിലുമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങി. ഇവർ സമീപത്തുള്ള ഒരു ബോധി വൃക്ഷത്തിന് കീഴിലാണ് അഭയം തേടിയത്. നിമിഷങ്ങൾക്കകം പ്രളയവെള്ളം സ്കൂൾ കെട്ടിടങ്ങളെ പൂർണമായി വിഴുങ്ങി.

എന്നാൽ, പ്രഭാതഭക്ഷണം പാകം ചെയ്യാനായി നദിക്കരയിലെ വാടക മുറിയിലേക്ക് മടങ്ങിയ 32 കാരനായ ഹിസ്റ്ററി അധ്യാപകൻ സന്റോസ് പിയാരിയും, സ്കൂൾ വാതിലുകൾ അടക്കാനായി തിരികെ പോയ ജനുടർ സുൽത്താൻ ലാമയും പ്രളയത്തിൽപ്പെട്ട് മരണമടഞ്ഞു.

തകർന്നു തരിപ്പണമായ സ്കൂൾ അവശിഷ്ടങ്ങൾ നോക്കി നെടുവിർപ്പിടുമ്പോഴും തന്റെ പ്രിയപ്പെട്ട കുരുന്നുകളെ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയിലാണ് ഈ അധ്യാപകൻ.

നേപ്പാൾ-തിബത്ത് അതിർത്തിയിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിൽ നേപ്പാളിൽ മാത്രം 734 പേരും തിബത്തിൽ 16 പേരും കൊല്ലപ്പെട്ടു. നേപ്പാളിൽ 2,498 പേരെയും തിബത്തിലെ ഗ്യോറോങള കൗണ്ടിയിൽ 546 പേരെയും കാണാതായിട്ടുണ്ട്.

ലാംടാങ് ലിറുങ് കൊടുമുടിയിൽനിന്ന് അടർന്നുവീണ ഭീമാകാരമായ മഞ്ഞുമലയും പാറയും ലെൻഡെ ഖോള നദിയുടെ മുകൾഭാഗത്തേക്ക് പതിച്ചാണ് മിന്നൽ പ്രളയത്തിന് കാരണമായത്. കൽഗറി സർവകലാശാലയിലെ ജിയോമോർഫോളജിസ്റ്റ് ഡാനിയൽ ഷുഗറിന്റെ കണക്കുകൂട്ടൽ പ്രകാരം ഈ അവശിഷ്ടങ്ങൾ ഏകദേശം 50 ഏക്കറോളം വരുന്ന സ്ഥലത്ത് വ്യാപിച്ചു കിടന്നിരുന്നു. 2015 ഏപ്രിൽ മാസത്തിൽ 8,962 പേരുടെ മരണത്തിടയാക്കിയ 7.8 തീവ്രതയുള്ള ഭൂകമ്പമുണ്ടായ അതേ മേഖലയിലാണ് ഈ പ്രകൃതിദുരന്തവും ആവർത്തിച്ചിരിക്കുന്നത്.

Tags:    
News Summary - Headmaster saves 1,643 kids in Nepal flood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.