തെഹ്റാൻ: വെടിനിർത്തലിന് ഇതുവരെ ധാരണയായിട്ടില്ലെന്ന് ഇറാൻ. ഇസ്രായേൽ നിയമവിരുദ്ധമായ ആക്രമണം നിർത്തിയാൽ മാത്രം വെടിനിർത്തൽ പരിഗണിക്കാമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു.
ഇറാനും ഇസ്രായേലും വെടിനിർത്തലിന് ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദത്തിനു പിന്നാലെയാണ് ഇറാന്‍റെ പ്രതികരണം.
‘ഇതുവരെ വെടിനിർത്തലിനു കരാർ ഇല്ല. ഇസ്രായേലാണ് ഇറാനെതിരെ യുദ്ധം ആരംഭിച്ചത്, തങ്ങളല്ല. നിലവിൽ, വെടിനിർത്തൽ സംബന്ധിച്ചോ സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനോ ഒരു കരാറും ഇല്ല. ഇറാനിയൻ ജനതക്കെതിരായ നിയമവിരുദ്ധമായ ആക്രമണം ഇസ്രായേൽ ഭരണകൂടം അവസാനിപ്പിക്കുകയാണെങ്കിൽ മാത്രം വെടിനിർത്തൽ. സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് എടുക്കും’ -ഇറാൻ വിദേശകാര്യമന്ത്രി എക്സിൽ വ്യക്തമാക്കി.
ഇസ്രായേലിനെതിരായ സൈനിക നടപടി അവസാന നിമിഷം വരെ തുടർന്നു. ഇറാനിയൻ ജനതക്കൊപ്പം നമ്മുടെ ധീരരായ സായുധ സേനക്കും ശത്രുവിന്റെ ആക്രമണത്തിന് മറുപടി നൽകിയവർക്കും നന്ദി പറയുന്നുവെന്നും അബ്ബാസ് അറാഖ്ജി വ്യക്തമാക്കി.
അതേസമയം, ട്രംപിന്‍റെ വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെയും തെഹ്റാനിലും ഇറാനിലെ മറ്റു നഗരങ്ങളിലും ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്. ട്രംപിന്‍റെ വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെ തലസ്ഥാനമായ തെഹ്റാനിലും ഇറാനിലെ മറ്റു നഗരങ്ങളിലും സ്ഫോടന ശബ്ദം കേട്ടു. ഇസ്രായേൽ ആക്രമണം തുടരുകയാണെന്നും തങ്ങളും നിർത്തില്ലെന്നും അറാഖ്ജി എക്സിൽ കൂട്ടിച്ചേർത്തു.
ഇറാഖിലെ സൈനിക താവളത്തിനുനേരെയും ഡ്രോൺ ആക്രമണം നടന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബലാദ് സൈനിക താവളത്തിനു നേരെയാണ് ആക്രമണം നടന്നത്. നാശനഷ്ടങ്ങളില്ല.
തിങ്കളാഴ്ച രാത്രി ഖത്തറിലെ യു.എസ് വ്യോമതാവളത്തിനുനേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. മധ്യപൂർവദേശത്തെ ഏറ്റവും വലിയ യു.എസ് താവളമായ അൽ ഉദൈദ് എയർ ബേസിനുനേരെയാണ് മിസൈലുകളാണു തൊടുത്തത്. പിന്നാലെയാണ് ഇറാനും ഇസ്രായേലും വെടിനിർത്തലിന് ധാരണയായെന്ന് ട്രംപ് പ്രഖ്യാപിച്ചത്.
സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങൾ പൂർത്തിയാക്കിയശേഷം ഏകദേശം ആറുമണിക്കൂറിനുള്ളിൽ വെടിനിർത്തൽ ആരംഭിക്കും. ഇറാനാകും വെടിനിർത്തൽ ആരംഭിക്കുക. 12 മണിക്കൂറിനുശേഷം ഇസ്രായേലും അത് പിന്തുടരും. 24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നും ട്രംപ് സാമൂഹികമാധ്യമത്തിൽ കുറിച്ചു. സംഘർഷം അവസാനിക്കുന്നതിൽ ഇരു രാജ്യങ്ങളെയും ട്രംപ് പ്രശംസിക്കുകയും ചെയ്തു.
ഖത്തറിലെ ആക്രമണത്തെ കുറിച്ച് ഇറാൻ നേരത്തെ വിവരം നൽകിയിരുന്നെന്നും ട്രംപ് പറഞ്ഞു. വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈനിക താവളം നേരത്തെ ഒഴിപ്പിച്ചതിനാൽ ആളപായമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന് ഇനി സമാധാനത്തിലേക്കും ഐക്യത്തിലേക്കും മടങ്ങാമെന്നും സമാനമായി ഇസ്രായേലിനെയും താൻ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ഖത്തർ ആക്രമണത്തെ തുടർന്ന് അടച്ച വ്യോമപാത ഇന്നലെ രാത്രിയോടെ പുനഃസ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.