വാഷിങ്ടൺ: ഇസ്രായാലോ യു.എസോ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ. പ്രതിരോധമന്ത്രി അസിസ് നസിർസാദേഹാണ് പ്രതികരണം നടത്തിയത്. ഇസ്രായേലോ യു.എസോ യുദ്ധത്തിന് മുൻകൈ എടുക്കുകയാണെങ്കിൽ സ്വന്തം താൽപര്യങ്ങളും സേനയേയും സംരക്ഷിക്കാനുള്ള നടപടികൾ ഇറാനും സ്വീകരിക്കുമെന്ന് പ്രതിരോധമന്ത്രി ഇറാനിയൻ സ്റ്റേറ്റ് ടി.വിയോട് പറഞ്ഞു.
യെമനിലെ ഹൂതികൾ ഞായറാഴ്ച തെൽ അവീവ് വിമാനത്താവളത്തിൽ നടത്തിയ ആക്രമണത്തിന് മറുപടി നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഇസ്രായേൽ വിമാനത്താവള ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഇറാനിയൻ മാസ്റ്റർമാർക്ക് തിരിച്ചടി നൽകും. ഇതിനുള്ള സ്ഥലവും തീയതിയും ഇസ്രായേൽ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
യെമനിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ ഇസ്രായേലിന്റെ ബെൻ ഗുരിയോൺ വിമാനത്താവളത്തിന് സമീപം പതിക്കുകയും നാശനഷ്ടം വരുത്തിവെക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിലെ സർവിസുകൾ നിർത്തിവെച്ചിരുന്നു.
യെമനിൽനിന്ന് വിക്ഷേപിച്ച മിസൈൽ ഉണ്ടാക്കിയ നാശനഷ്ടങ്ങൾ നികത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചിരുന്നു. മധ്യ ഇസ്രായേലിൽ പതിച്ച ‘പ്രൊജക്റ്റൈൽ’ സംബന്ധിച്ച റിപ്പോർട്ടുകൾ ലഭിച്ചതായും സൈന്യം പറഞ്ഞു. ടെൽ അവീവിലും രാജ്യത്തെ മറ്റ് പ്രദേശങ്ങളിലും ആക്രമണ മുന്നറിയിപ്പിനുള്ള സൈറണുകൾ സജീവമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.