തെൽ അവീവ്: ഇസ്രായേലിലെ അടുത്ത പൊതുതെരഞ്ഞെടുപ്പ് ഒക്ടോബർ 27ന് നടക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബിന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള നിലവിലെ സർക്കാർ നാല് വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതിനാലാണ് ഭരണഘടനാപരമായ നടപടിക്രമങ്ങളുടെ ഭാഗമായി പൊതുതെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. 1988ന് ശേഷം ആദ്യമായാണ് ഇസ്രായേലിൽ ഒരു സർക്കാർ തങ്ങളുടെ കാലാവധി പൂർത്തിയാക്കി കൃത്യസമയത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
അധികാരം നിലനിർത്താൻ സാധിച്ചുവെങ്കിലും, കഴിഞ്ഞ രണ്ട് വർഷമായി വലിയ രാഷ്ട്രീയ അസ്ഥിരതകളിലൂടെയാണ് നെതന്യാഹു സർക്കാർ കടന്നുപോന്നത്. 2022ൽ അധികാരത്തിലേറിയത് മുതൽ തീവ്രവലതുപക്ഷ നയങ്ങളുടെ പേരിൽ ആഭ്യന്തരമായി വലിയ പ്രതിഷേധങ്ങൾ സർക്കാർ നേരിടുന്നുണ്ട്. അതിലുപരി, 2023 ഒക്ടോബറിൽ ഹമാസ് നടത്തിയ ആക്രമണം നെതന്യാഹുവിന്റെ രാഷ്ട്രീയ പ്രതിച്ഛായയെ അപ്പാടെ തകർത്തിട്ടുണ്ട്. ദശകങ്ങളായി ഇസ്രായേലിന്റെ ‘സുരക്ഷാ കാവൽക്കാരൻ’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന നെതന്യാഹുവിന്, ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒഴിയാൻ സാധിക്കാത്തത് കടുത്ത ജനരോഷത്തിന് കാരണമായിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തിൽ, പ്രത്യേകിച്ച് അമേരിക്കയുമായുള്ള ബന്ധത്തിലും നെതന്യാഹു സർക്കാർ കടുത്ത വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്റും നെതന്യാഹുവിനെതിരെ പരസ്യ താക്കീത് നൽകിയത് വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. ഗസ്സയിൽ വെടിനിർത്തൽ കരാറുകൾ തുടർച്ചയായി ലംഘിക്കപ്പെടുന്നതും, ലബനാനിലെ വെടിനിർത്തൽ സംബന്ധിച്ച അനിശ്ചിതത്വവും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ ചില രാജ്യങ്ങൾ ഫലസ്തീനിനെ രാഷ്ട്രമായി അംഗീകരിച്ചതും ഇസ്രായേലിന് ആയുധം നൽകുന്നതിൽ നിന്ന് പിന്മാറിയതുമെല്ലാം നെതന്യാഹുവിനേറ്റ കനത്ത തിരിച്ചടിയാണ്.
ഇതിന് പുറമേ രാജ്യം ഇപ്പോൾ കടുത്ത ആഭ്യന്തര ധ്രുവീകരണത്തിലും യുദ്ധഭീതിയിലുമാണ്. യുദ്ധത്തിന്റെ പേരിൽ രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങൾ വഷളായെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കുമ്പോൾ, യുദ്ധം അവസാനിപ്പിക്കാത്തത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്ന വിമർശനവും നെതന്യാഹു നേരിടുന്നുണ്ട്. ഇതോടൊപ്പം തന്നെ 2019ൽ ആരംഭിച്ച അഴിമതിക്കേസുകൾ ഇപ്പോഴും നിയമനടപടികൾക്ക് വിധേയമായി തുടരുന്നതും നെതന്യാഹുവിന്റെ ഭാവിക്ക് വലിയ ഭീഷണിയാണ്.
അന്താരാഷ്ട്ര തലത്തിൽ വർധിച്ചുവരുന്ന സമ്മർദ്ദവും അയൽരാജ്യങ്ങളുമായുള്ള സംഘർഷവും മൂലം ഇസ്രായേൽ സമൂഹം വലിയ ഭിന്നിപ്പിലാണ്. ഒരു വശത്ത് സുരക്ഷാ പ്രതിസന്ധികളും മറുഭാഗത്ത് സർക്കാരിന്റെ ഭരണവീഴ്ചകളും അഴിമതി ആരോപണങ്ങളും നിൽക്കുമ്പോൾ, ഈ തെരഞ്ഞെടുപ്പ് നെതന്യാഹുവിന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായകമായ പരീക്ഷണമായിരിക്കും. ഈ തെരഞ്ഞെടുപ്പ് ഫലം ഇസ്രായേലിന്റെ ഭാവി നയങ്ങളെയും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെയും വലിയ രീതിയിൽ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ജൂലൈ 17ഓടെയാണ് നെസെറ്റ് തെരഞ്ഞെടുപ്പ് അവധിയിലേക്ക് കടക്കുക. സെപ്റ്റംബർ ഏഴിനാണ് സ്ഥാനാർഥിപ്പട്ടിക സമർപ്പിക്കേണ്ട അവസാന തീയതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.