ഇസ്‍ലാമാബാദിൽ പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനെത്തുന്ന വിദേശകാര്യ മന്ത്രിമാരായ ഹകൻ ഫിദാൻ (തുർകിയ), ഫൈസൽ ബിൻ ഫർഹാൻ (സൗദി അറേബ്യ), ബദ്ർ അബ്ദുൽ ആത്വി (ഈജിപ്ത്), ഇസ്ഹാഖ് ദാർ (പാകിസ്താൻ) എന്നിവർ
ഇസ്‍ലാമാബാദ്: ആഴ്ചകളെടുക്കുന്ന കരയാക്രമണത്തിനായി 3500ഓളം യു.എസ് മറീനുകൾ പശ്ചിമേഷ്യയിലെത്തിയതിനിടെ ഇസ്‍ലാമാബാദിൽ തിരക്കുപിടിച്ച വെടിനിർത്തൽ ചർച്ചകൾ. ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപും ഹുർമുസ് കടലിടുക്കിനോട് ചേർന്ന തീരദേശങ്ങളും വരുതിയിലാക്കാൻ ലക്ഷ്യമിട്ട് വൻ സൈനിക സന്നാഹത്തിന്റെ ആദ്യപടിയായാണ് യു.എസ്.എസ് ട്രിപളിയിലേറി മറീനുകൾ എത്തിയത്. അഞ്ചാം ആഴ്ചയിലേക്ക് കടന്ന യുദ്ധം കൂടുതൽ വ്യാപിപ്പിക്കാതെ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് പാകിസ്താന്റെ മധ്യസ്ഥതയിൽ തുർക്കിയ, സൗദി അറേബ്യ, ഈജിപ്ത് വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
പാകിസ്താൻ ഉപപ്രധാനമന്ത്രികൂടിയായ ദാറിന്റെ ക്ഷണപ്രകാരം സൗദി അറേബ്യ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ആൽ സുഊദ്, തുർകിയ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ, ഈജിപ്ത് വിദേശകാര്യ മന്ത്രി ബദ്ർ അബ്ദുൽ ആത്വി എന്നിവരാണ് ഇസ്‍ലാമാബാദിലെ ചർച്ചകളിൽ പങ്കെടുക്കുന്നത്. രണ്ടുദിവസ ചർച്ചയിൽ അമേരിക്ക മുന്നോട്ടുവെച്ച 15 ഇന നിർദേശങ്ങളാണ് പരിഗണിക്കുക. ഇവ അംഗീകരിക്കില്ലെന്നും പകരം തങ്ങളുടെ അഞ്ചു നിർദേശങ്ങൾ പരിഗണിക്കണമെന്നും ഇറാനും പറയുന്നു.
അതേസമയം, 3500 സൈനികരാണ് കഴിഞ്ഞദിവസം പശ്ചിമേഷ്യയിൽ എത്തിയതെന്നും ഇവർക്കാവശ്യമായ യുദ്ധവിമാനങ്ങളും മറ്റു സംവിധാനങ്ങളും എത്തിയിട്ടുണ്ടെന്നും യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്ന ഖാർഗ് ദ്വീപ് പിടിച്ചെടുക്കലാണ് യു.എസിന്റെ ഒന്നാം ലക്ഷ്യം. ഹുർമുസ് തീരങ്ങളിൽ ആക്രമണം നടത്താനും ഈ സൈനികരെ ഉപയോഗിക്കും. ആഴ്ചകൾ നീളുന്നതാകും ഈ നീക്കമെന്നും ചിലപ്പോൾ രണ്ടുമാസം വരെ നീളാമെന്നും പെന്റഗൺ വൃത്തങ്ങൾ സൂചിപ്പിച്ചു.
എന്നാൽ, പരസ്യമായി മധ്യസ്ഥ ചർച്ചകൾക്ക് നീക്കം നടത്തുന്ന യു.എസ് രഹസ്യമായി കരസൈനികരെ വിന്യസിച്ച് കരയാക്രമണത്തിന് ഒരുക്കങ്ങൾ തകൃതിയാക്കുകയാണെന്ന് ഇറാൻ പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബഫ് കുറ്റപ്പെടുത്തി. രാജ്യത്തിന്റെ മണ്ണിൽ അമേരിക്കൻ സേന ഇറങ്ങുന്നത് കാത്തിരിക്കുകയാണെന്നും അവരെ തീർത്തുകളയുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ആദ്യമായി യുദ്ധത്തിന്റെ ഭാഗമായി ആക്രമണം നടത്തിയ യമനിലെ ഹൂതികൾ ഞായറാഴ്ചയും ഇസ്രായേലിലേക്ക് മിസൈലുകൾ തൊടുത്തു. ഹുർമുസ് വഴിയുള്ള എണ്ണക്കടത്ത് പ്രതിസന്ധിയിലായതിന് പിന്നാലെ ഹൂതികൾക്ക് നിയന്ത്രണമുള്ള ചെങ്കടൽ പാതയും ഇതോടെ അടയുമെന്ന ആശങ്ക ശക്തമാണ്. ചെങ്കടലിന്റെ തെക്കേ അറ്റമായ ബാബുൽ മന്ദബ് അടക്കുമെന്ന് ഹൂതികൾ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഇറാനിൽ ഇസ്രായേൽ വൻ ആക്രമണം തുടരുകയാണ്. ഇറാൻ സയൻസ് ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റി അടക്കം വാഴ്സിറ്റികൾ വ്യാപകമായി ലക്ഷ്യമിട്ടതിനു പിന്നാലെ പശ്ചിമേഷ്യയിലെ കാമ്പസുകളിൽ തങ്ങളും ബോംബിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനിൽ യു.എസ്-ഇസ്രായേൽ ആക്രമണങ്ങളിൽ 216 കുട്ടികളടക്കം 2076 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിൽ കഴിഞ്ഞ ദിവസവും ഇറാൻ ശക്തമായ പ്രത്യാക്രമണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.