തെഹ്റാൻ: ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം ശക്തമാക്കിയതിനിടെ തെൽ അവീവിലും മറ്റു നഗരങ്ങളിലും വ്യാപക പ്രത്യാക്രമണമെന്നും റിപ്പോർട്ട്. മൊസാദ് കേന്ദ്രം സ്ഥിതിചെയ്യുന്ന ഹെർസ്ലിയയിലടക്കം മിസൈലുകൾ പതിച്ചു. രാജ്യത്ത് മിസൈൽ മഴ പെയ്തുവെന്ന് ഇസ്രായേൽ സർക്കാർ റേഡിയോ അറിയിച്ചു.
തെഹ്റാനിൽ സർക്കാർ ടെലിവിഷനായ ഐ.ആർ.ഐ.ബി ആസ്ഥാനത്ത് നടന്ന ആക്രമണങ്ങളിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ന്യൂസ് എഡിറ്റർ നിമ റജബ്പോറും കൊല്ലപ്പെട്ടവരിൽ പെടും. പരിക്കേറ്റ വാർത്താ അവതാരക ആക്രമണത്തിനുടൻ തിരിച്ചെത്തി വാർത്ത വായന തുടർന്നത് ശ്രദ്ധേയമായി.
ന്യൂഡൽഹി: തെഹ്റാനിലുണ്ടായിരുന്ന ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി മാറ്റിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അർമീനിയയിലേക്കാണ് കടന്നത്. ഇവരുമായി ബന്ധം തുടരുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും എംബസി വൃത്തങ്ങളും അറിയിച്ചു.
ദുബൈ: ഇസ്രായേൽ-ഇറാൻ സംഘർഷം അവസാനിപ്പിക്കണമെന്നും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയുമായി 20 രാജ്യങ്ങൾ. ഈജിപ്ത്, ജോർഡൻ, പാകിസ്തൻ, ഇറാഖ്, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, തുർക്കി, അൽജീരിയ, ബ്രൂണെ, ചാഡ്, ഖമറൂസ്, ജിബൂതി, ലിബിയ, മൗറിത്താനിയ, സോമാലിയ, സുഡാൻ എന്നീ രാജ്യങ്ങളാണ്.
കനാനസ്കിസ് (കാനഡ): ജി7 ഉച്ചകോടിയിൽനിന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തേ ഇറങ്ങിയെങ്കിലും മറ്റു രാജ്യങ്ങളുടെ നേതാക്കൾ യുക്രെയ്ൻ വിഷയത്തിലുൾപ്പെടെയുള്ള ചർച്ചകൾ തുടർന്നു. ഉച്ചകോടിയിൽനിന്ന് ഇറങ്ങുംമുമ്പ് ട്രംപ് സംയുക്ത പ്രസ്താവനയിൽ മറ്റു നേതാക്കളോടൊപ്പം ചേർന്നു. ഇറാനെ ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന് പറയുന്ന പ്രസ്താവന, പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനും ഗസ്സയിലെ വെടിനിർത്തലിനും ആഹ്വാനം ചെയ്തു.
ഉച്ചകോടിയിൽ ട്രംപ് ഇറാനെതിരെ ഭീഷണി സ്വരത്തിലാണ് സംസാരിച്ചത്. ഇറാൻ തങ്ങളുടെ ആണവപദ്ധതി അധികം വൈകാതെ അവസാനിപ്പിക്കണമെന്ന് ട്രംപ് പറഞ്ഞു. ഇറാൻ നേതൃത്വത്തിന് ചർച്ചക്ക് മതിയായ സമയമുണ്ടായിരുന്നെങ്കിലും അത് അവർ ഉപയോഗിച്ചില്ലെന്നും സൂചിപ്പിച്ചു. ജി7 കൂട്ടായ്മയിൽനിന്ന് നേരത്തേ പുറത്താക്കിയ റഷ്യയെയും വേണമെങ്കിൽ ചൈനയെയും ഉൾപ്പെടുത്തണമെന്ന് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ജി7 വേണമെങ്കിൽ ജി എട്ടോ ഒമ്പതോ ആക്കാമെന്ന് ട്രംപ് പറഞ്ഞു.
2014ൽ ക്രീമിയ പിടിച്ചതോടെയാണ് റഷ്യയെ ജി എട്ടിൽനിന്ന് പുറത്താക്കിയത്. ഇത് വലിയ തെറ്റായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കിയുമായി യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ച നടത്താനിരിക്കെ, ഇതിനുമുമ്പ് നടത്തിയ റഷ്യൻ അനുകൂല പ്രസ്താവന അദ്ദേഹത്തിന്റെ താൽപര്യങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ഇടയാക്കി. റഷ്യയെ പുറത്താക്കിയതിന് യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയെയും കാനഡ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോയെയും ട്രംപ് വിമർശിച്ചു. കാനഡ, യു.കെ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.എസ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി7.
തെഹ്റാൻ: ഇറാൻ ദേശീയ ടെലിവിഷൻ (ഐ.ആർ.ഐ.ബി) ആസ്ഥാനത്തിനുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് ജീവനക്കാർ. നിരവധി പേർക്ക് പരിക്കേറ്റു. ന്യൂസ് എഡിറ്റർ നിമ രജബ്പൂർ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരൻ മസൗമെ അസിമി എന്നിവർ മരിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നാമത്തെയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. നിമ രജബ്പൂർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മസൗമെ അസിമി മരിച്ചത്. തിങ്കളാഴ്ച തത്സമയ വാർത്ത അവതരണത്തിനിടെയായിരുന്നു ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.