'ഇസ്രായേലിന് വിവരങ്ങൾ കൈമാറുന്നു'; ജനങ്ങളോട് വാട്സാപ്പ് ഒഴിവാക്കാൻ നിർദേശിച്ച് ഇറാൻ

തെഹ്റാൻ: ഫോണുകളിൽ നിന്ന് മെറ്റയുടെ മെസ്സേജിങ് ആപ്പായ വാട്സാപ്പ് ഒഴിവാക്കാൻ നിർദേശം നൽകി ഇറാൻ. ഇതുസംബന്ധിച്ച് ഇന്നലെ ദേശീയ ടെലിവിഷനിലൂടെ അറിയിപ്പ് നൽകി. വാട്സാപ്പ് ഒഴിവാക്കാനുള്ള നിർദേശത്തിന് പിന്നിൽ പ്രത്യേകിച്ച് കാരണമൊന്നും അധികൃതർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇസ്രായേലിന് വിവരങ്ങൾ കൈമാറുന്നുവെന്ന ആരോപണത്തെ തുടർന്നാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇറാന്‍റെ നിർദേശത്തിന് പിന്നാലെ വാട്സാപ്പിന്‍റെ മാതൃകമ്പനിയായ മെറ്റ പ്രസ്താവനയിറക്കി. വിവരങ്ങൾ ചോർത്തുന്നുവെന്ന വാർത്ത വാട്സാപ്പ് നിഷേധിച്ചു. ജനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് തങ്ങളുടെ സേവനങ്ങൾ ബ്ലോക്ക് ചെയ്യാൻ ഇത്തരം തെറ്റായ റിപ്പോർട്ടുകൾ കാരണമാകുന്നതിൽ ആശങ്കയുണ്ടെന്ന് വാട്സാപ്പ് പ്രതികരിച്ചു.

'ഞങ്ങൾ നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നില്ല, ആര് ആർക്ക് സന്ദേശമയക്കുന്നുവെന്ന കാര്യം സൂക്ഷിക്കുന്നില്ല, പേഴ്സണൽ മെസ്സേജുകൾ ട്രാക്ക് ചെയ്യുന്നില്ല. ഒരു സർക്കാറിനും വിവരങ്ങൾ ഞങ്ങൾ മൊത്തമായി കൈമാറുന്നില്ല. എൻഡ്-ടു-എൻഡ് എൻക്രിപ്ഷനാണ് ഉപയോഗിക്കുന്നത്. അയക്കുന്ന ആൾക്കും സ്വീകരിക്കുന്ന ആൾക്കുമല്ലാതെ മൂന്നാമതൊരാൾക്ക് സന്ദേശം വായിക്കാനാകില്ല' -വാട്സാപ്പ് വ്യക്കമാക്കി.

ഇൻസ്റ്റഗ്രാമിനും ടെലഗ്രാമിനും പുറമെ ഇറാനിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന സാമൂഹ്യ മാധ്യമം വാട്ട്‌സാപ്പാണ്. ഹിജാബ് നിയമം ലംഘിച്ചെന്ന പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമീനിയുടെ മരണവുമായി ബന്ധപ്പെട്ട് ഇറാനിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെ 2022ൽ ഇറാനിൽ വാട്ട്‌സാപ്പും ഗൂഗ്ൾ പ്ലേ സ്റ്റോറും നിരോധിച്ചിരുന്നു. കഴിഞ്ഞവർഷം അവസാനമാണ് ഇതിന് രണ്ടുമുള്ള വിലക്ക് ഇറാൻ വിൻവലിച്ചത്.

അതേസമയം, ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ യു.എസും ഇടപെടാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇറാനോട് നിരുപാധികം കീഴടങ്ങാൻ കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് തക്കതായ മറുപടിയുമായി ആയത്തുള്ള ഖാംനഈ രംഗത്തെത്തി. സയണിസ്റ്റ് രാഷ്ട്ര​ത്തെ ദയയില്ലാതെ ആക്രമിക്കും. പോരാട്ടം തുടങ്ങിയെന്നും സയണിസ്റ്റ് രാജ്യത്തിന് കനത്ത മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഖാംനഈ എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്നറിയാമെന്നും ഇപ്പോൾ ഇല്ലാതാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് ഇന്നലെ പറഞ്ഞിരുന്നു. ട്രൂത്ത് സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. ‘പരമോന്നത നേതാവ് എന്ന് വിളിക്കപ്പെടുന്ന ആള്‍ എവിടെ ഒളിച്ചിരിക്കുന്നു എന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. അദ്ദേഹം എളുപ്പമുള്ള ലക്ഷ്യമാണ്, എന്നാല്‍ അവിടെ സുരക്ഷിതനാണ്. അദ്ദേഹത്തെ ഇല്ലാതാക്കാൻ ഞങ്ങള്‍ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ സാധാരണക്കാരെയും അമേരിക്കന്‍ സൈനികരെയും മിസൈലുകള്‍ ലക്ഷ്യമിടുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ്’ -ട്രംപ് കുറിച്ചു.

Tags:    
News Summary - Iran asks its people to delete WhatsApp from their devices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.