അമേരിക്കൻ സൈനികത്താവളങ്ങൾക്ക് നേരെ ഇറാന്റെ തിരിച്ചടി, ഹുർമുസ് കടലിടുക്ക് അടച്ചു

ടെഹ്‌റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമാകുന്നു. ഇറാനിൽ യു.എസ് സൈന്യം നടത്തിയ രണ്ടാം ദിവസത്തെ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനികത്താവളങ്ങൾക്ക് നേരെ ഇറാൻ വൻ തിരിച്ചടി ആരംഭിച്ചു. ബഹ്‌റൈനിലും കുവൈത്തിലുമുള്ള യു.എസ് താവളങ്ങൾ ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണങ്ങൾ. ഗൾഫ് മേഖലയിലെ 18 യു.എസ് സൈനിക താവളങ്ങളിൽ ഇസ്‍ലമിക് റെവല്യൂഷണറി ഗാർഡ് രണ്ടു ഘട്ടങ്ങളിലായി മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്.

അതിനിടെ കപ്പലുകൾക്ക് നേരെയുണ്ടായ അമേരിക്കൻ ആക്രമണത്തോടുള്ള പ്രതികരണമായി ആഗോള എണ്ണക്കടത്തിന്റെ പ്രധാന ഇടനാഴിയായ ഹുർമുസ് കടലിടുക്ക് ഇറാൻ പൂർണമായും അടച്ചുപൂട്ടി. എണ്ണക്കപ്പലുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെയുള്ള എല്ലാത്തരം ഗതാഗതങ്ങളും അവസാനിപ്പിച്ചതായി ഇറാന്റെ സൈനിക നേതൃത്വം അറിയിച്ചു. ഹുർമുസിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾക്കുനേരെ വെടിവെക്കുമെന്നും മുന്നറിയിപ്പ് നൽകി. വിലക്ക് ലംഘിച്ച് പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച രണ്ട് വാണിജ്യ കപ്പലുകൾ ഇറാൻ ആക്രമിച്ചതായി സൂചനയുണ്ട്.

ഹുർമുസ് കടലിടുക്ക് അടച്ച വാർത്ത പുറത്തുവന്നതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയാണ്. ബാരലിന് രണ്ട് ഡോളറിലധികമാണ് വർധിച്ചത്.

അതിനിടെ, ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ആശയവിനിമയ ശൃംഖലകൾ, നിരീക്ഷണ കേന്ദ്രങ്ങൾ എന്നിവ തകർത്ത് യു.എസ് സെൻട്രൽ കമാൻഡ് ആക്രമണം പൂർത്തിയാക്കിയതായി അമേരിക്ക അറിയിച്ചു. ഇറാൻ തലസ്ഥാനമായ ടെഹ്‌റാന് വെറും 64 കിലോമീറ്റർ മാത്രം അകലെയുള്ള താവളങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ട് 49 ടോമാഹോക്ക് ക്രൂസ് മിസൈലുകൾ പ്രയോഗിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്ക മുന്നോട്ടുവെച്ച സമാധാനക്കരാറിൽ ഇറാൻ ഒപ്പുവെക്കാൻ തയാറായില്ലെങ്കിൽ നാളെ രാത്രിയും അതിശക്തമായ ബോംബാക്രമണം തുടരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

എന്നാൽ, അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും തയാറല്ലെന്നും യു.എസ് അവകാശപ്പെടുന്ന ഫോൺ കോളുകൾ വ്യാജമാണെന്നും ഇറാൻ വ്യക്തമാക്കി. അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്നും വരുംമണിക്കൂറുകളിൽ തങ്ങളുടെ ഭാഗത്തുനിന്ന് അതിശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ഇറാൻ സൈനിക വക്താക്കൾ അറിയിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിൽ യു.എസും ഇറാനും തമ്മിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമായി തുടരുകയാണ്. 

Tags:    
News Summary - Iran announces closure of Strait of Hormuz following US strikes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.