ന്യൂയോർക്കിൽ 30 വർഷത്തിനിടെ ആദ്യ അഞ്ചാംപനി മരണം; ആശങ്കയിൽ ആരോഗ്യ വകുപ്പ്
ന്യൂയോർക്ക്: അമേരിക്കയിൽ അഞ്ചാംപനി വ്യാപനം രൂക്ഷമാകുന്നതിനിടെ ന്യൂയോർക്കിൽ കുട്ടി മരിച്ചു. കഴിഞ്ഞ 30 വർഷത്തിനിടെ ന്യൂയോർക്കിൽ അഞ്ചാംപനി ബാധിച്ചുള്ള ആദ്യ മരണമാണിത്. ഗവർണർ കാത്തി ഹോച്ചുലാണ് മരണവിവരം സ്ഥിരീകരിച്ചത്.
വടക്കൻ ന്യൂയോർക്കിലെ ഗ്രാമീണ മേഖലയായ ലൂയി കൗണ്ടിയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. സിറാക്യൂസിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള പ്രദേശമാണിത്. കുട്ടിയുടെ പ്രായവും മറ്റ് വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.
വാക്സിനേഷൻ നിരക്ക് കുറയുന്നതാണ് അഞ്ചാംപനി വീണ്ടും തിരിച്ചെത്താൻ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. 2000-ൽ അമേരിക്ക അഞ്ചാംപനിയെ പൂർണമായും നിർമാർജനം ചെയ്തതായി പ്രഖ്യാപിച്ചിരുന്നു. ഉയർന്ന വാക്സിനേഷൻ നിരക്ക് നിലനിർത്തിയതിലൂടെയായിരുന്നു ഈ നേട്ടം. എന്നാൽ സമീപ വർഷങ്ങളിൽ പല മേഖലകളിലും വാക്സിനേഷൻ നിരക്ക് 95 ശതമാനത്തിന് താഴെയായി. ഇതാണ് രോഗവ്യാപനത്തിന് കാരണമായത്.
കുട്ടിയുടെ മരണത്തിൽ ഗവർണർ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. പ്രതിരോധിക്കാവുന്ന രോഗങ്ങളെ തടയുന്നതിൽ പതിറ്റാണ്ടുകളായി കൈവരിച്ച നേട്ടങ്ങളെ ഭരണകൂടം മനഃപൂർവം ഇല്ലാതാക്കുകയാണെന്നും അതിന്റെ വിനാശകരമായ ഓർമ്മപ്പെടുത്തലാണ് ഈ മരണമെന്നും ഹോച്ചുൽ പറഞ്ഞു.
അമേരിക്കയിൽ അഞ്ചാംപനി മരണങ്ങൾ വർധിക്കുകയാണ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഔദ്യോഗികമായി മൂന്ന് മരണങ്ങളാണ് ഈ വർഷം സ്ഥിരീകരിച്ചത്. എന്നാൽ സംസ്ഥാനങ്ങളുടെ കണക്കുകൾ ഇതിലും കൂടുതലാണ്. പെൻസിൽവാനിയയിൽ മാത്രം അഞ്ച് മരണങ്ങൾ ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തു. ആറാമതൊരു മരണത്തിൽ അന്വേഷണം തുടരുകയാണ്.
അഞ്ചാംപനി കേസുകൾ വർധിച്ച സാഹചര്യത്തിൽ ന്യൂയോർക്കിൽ ഒക്ടോബർ ആദ്യം തന്നെ ദുരന്ത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അയൽ സംസ്ഥാനങ്ങളിലും ഉൾപ്രദേശങ്ങളിലും രോഗം പടരുന്ന സാഹചര്യത്തിലായിരുന്നു നടപടി. ഇതിന്റെ ഭാഗമായി പാരാമെഡിക്കൽ ജീവനക്കാർ, പ്രസവ ശുശ്രൂഷകർ ഉൾപ്പെടെ കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകാൻ അനുമതി നൽകിയിട്ടുണ്ട്. നഴ്സുമാർക്ക് ടെസ്റ്റിന് ഉത്തരവിടാനും അധികാരം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.