ഷൗ ക്വുൻഫെ

പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു, ഫാക്ടറിയിൽ ജോലിക്ക് കയറി; ഇന്ന് ചൈനയിലെ ഏറ്റവും സമ്പന്നയായി ഷൗ ക്വുൻഫെ

ബെയ്ജിങ്: കൗമാരത്തിൽ പഠനം ഉപേക്ഷിച്ച് ഫാക്ടറിയിൽ ജോലിക്ക് കയറി 1.20 ഡോളർ ദിവസ വേതനത്തിൽ പണി ചെയ്ത ഷൗ ക്വുൻഫെ ഇന്ന് ചൈനയിലെ ഏറ്റവും വലിയ സമ്പന്ന. 56കാരിയായ ഷൗ ക്വുൻഫെയുടെ ആസ്തി ഇന്ന് ഏകദേശം 1.8 ലക്ഷം കോടി രൂപയിലധികമാണ്. സ്മാർട്ട്ഫോൺ സ്ക്രീനുകൾക്കുള്ള ഗ്ലാസ് നിർമിക്കുന്ന പ്രമുഖ കമ്പനിയായ ലെൻസ് ടെക്നോളജിയുടെ സ്ഥാപകയാണ് ഇവർ. ഹുറൂൺ പുറത്തിറക്കിയ 2026ലെ ചൈനയിലെ സമ്പന്നരായ വനിതകളുടെ പട്ടികയിലാണ് ഷൗ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.

പട്ടിക പ്രകാരം 127 ബില്യൺ യുവാൻ (ഏകദേശം 1.8 ലക്ഷം കോടി രൂപ) ആണ് ഷൗവിന്റെ ഇപ്പോഴത്തെ ആസ്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ സമ്പത്തിൽ 15 ശതമാനം വർധനയാണ് ഉണ്ടായത്. 124 ബില്യൺ യുവാൻ ആസ്തിയുള്ള ഹാൻസോ ഫാർമസ്യൂട്ടിക്കൽ സ്ഥാപക സോങ് ഹുയിജുവാനെയാണ് ഷൗ മറികടന്നത്. 2015ലും ഷൗ ചൈനയിലെ ഏറ്റവും സമ്പന്നയായ വനിതയായിരുന്നു. 1970ൽ ഹുനാൻ പ്രവിശ്യയിലാണ് ഷൗ ജനിച്ചത്. കൗമാരപ്രായത്തിൽ പഠനം ഉപേക്ഷിച്ച അവർ ജോലിതേടി ഷെൻഷെനിലേക്ക് പോയി. അവിടെ വാച്ചുകൾക്കുള്ള ഗ്ലാസ് നിർമിക്കുന്ന ഫാക്ടറിയിലായിരുന്നു ആദ്യ ജോലി. പ്രതിദിനം ഏകദേശം 1.20 ഡോളറായിരുന്നു കൂലി. 23ാം വയസ്സിൽ സ്വന്തമായി സംരംഭം തുടങ്ങാൻ തീരുമാനിച്ച അവർ ഗ്ലാസ് സംസ്കരണത്തിനുള്ള ചെറിയൊരു വർക്ക്ഷോപ്പ് ആരംഭിച്ചു. സ്ക്രീൻ പ്രിന്റിങ്ങിലും ഗ്ലാസ് നിർമാണത്തിലും ആവശ്യമായ സാങ്കേതികവിദ്യകൾ സ്വയം പഠിച്ചെടുത്തു.

പിന്നീട് ലെൻസ് ടെക്നോളജി സ്ഥാപിക്കുന്നതിൽ പങ്കാളിയായി. സ്മാർട്ട്ഫോണുകൾക്കുള്ള ഗ്ലാസ് സ്ക്രീനുകളുടെ പ്രധാന വിതരണക്കാരായി കമ്പനി വളർന്നു. 2007ൽ ആപ്പിളിന്റെ ആദ്യ ഐഫോണുകൾക്കുള്ള ഗ്ലാസ് കവറുകൾ വിതരണം ചെയ്യാൻ കരാർ ലഭിച്ചതോടെ കമ്പനിയുടെ വളർച്ചയിൽ നിർണായക മാറ്റമുണ്ടായി. കമ്പനിയുടെ പ്രോസ്പെക്ടസ് പ്രകാരം 2011 മുതൽ 2014ന്റെ ആദ്യ പകുതിവരെ പ്രധാന ബിസിനസ് വരുമാനത്തിന്റെ പകുതിയോളം ആപ്പിളിൽനിന്നായിരുന്നു.

പിന്നീട് സ്മാർട്ട്ഫോൺ മേഖലക്ക് പുറമെ ഇലക്ട്രിക് വാഹനങ്ങൾ, നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലേക്കും കമ്പനി പ്രവർത്തനം വ്യാപിപ്പിച്ചു. ചൈനയിലെ ഹൈടെക് നിർമാണമേഖലയുടെ വളർച്ചയിൽനിന്ന് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന കമ്പനികളിലൊന്നാണ് ഷൗ ക്വുൻഫെയുടെ ലെൻസ് ടെക്നോളജി. ചൈനയിലെ ഏറ്റവും സമ്പന്നരായ 50 വനിതകളിൽ 65 ശതമാനവും സ്വന്തം നിലയിൽ സമ്പത്ത് നേടിയവരാണെന്നാണ് ഹുറൂൺ പട്ടിക വ്യക്തമാക്കുന്നത്. ഇവരുടെ ആകെ സമ്പത്ത് 1.93 ട്രില്യൺ യുവാനിലെത്തി റെക്കോഡിട്ടു. ഷൗവും ഭർത്താവും ചേർന്നുള്ള ആസ്തി ചൈനയിലെ മൊത്തം ഹുറൂൺ സമ്പന്നപ്പട്ടികയിൽ 33ാം സ്ഥാനത്താണ്.

Tags:    
News Summary - China’s Richest Woman Zhou Qunfei

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.