ഡൊണാൾഡ് ട്രംപ്, ഇലോൺ മസ്ക്
ഇലോൺ മസ്കിനെ തൊട്ടാൽ കളി മാറും! ഡെമോക്രാറ്റുകൾക്ക് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടൺ: യു.എസ് ഇടക്കാല (മിഡ്ടേം) തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധി സഭയുടെ നിയന്ത്രണം തിരിച്ചുപിടിക്കുകയും തന്റെ വിശ്വസ്തർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്താൽ, ശതകോടീശ്വരൻ ഇലോൺ മസ്ക് അടക്കമുള്ള വൈറ്റ് ഹൗസ് സഖ്യകക്ഷികൾക്ക് മുൻകൂർ പ്രസിഡൻഷ്യൽ മാപ്പ് നൽകാൻ താൻ മടിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്ക് പോസ്റ്റിന്റെ ‘പോഡ് ഫോഴ്സ് വൺ’ പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. ഡെമോക്രാറ്റുകൾ അധികാരത്തിൽ വന്നാൽ ഇലോൺ മസ്കിനെ കോൺഗ്രസ് അന്വേഷണങ്ങൾക്ക് വിധേയനാക്കുമെന്നും അറസ്റ്റ് ചെയ്യാനോ സ്വത്തുക്കൾ കണ്ടുകെട്ടാനോ സാധ്യതയുണ്ടെന്നുമുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. 'അതൊക്കെ വെറും സംസാരങ്ങൾ മാത്രമാണ്. പക്ഷേ അങ്ങനെയെന്തെങ്കിലും നീക്കമുണ്ടായാൽ ഞങ്ങൾക്ക് അവരെ സംരക്ഷിക്കേണ്ടി വരും,' ട്രംപ് വ്യക്തമാക്കി.
'കുറ്റപത്രം സമർപ്പിക്കും മുൻപും മാപ്പ് നൽകാം; ബൈഡനും അത് ചെയ്തിട്ടുണ്ട്'
വ്യക്തികൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ കുറ്റങ്ങൾ ചുമത്തുന്നതിന് മുൻപ് തന്നെ മാപ്പ് നൽകുന്നതിനെ ട്രംപ് പരസ്യമായി ന്യായീകരിച്ചു. അധികാരമൊഴിയുന്നതിന് മുൻപ് മുൻ പ്രസിഡന്റ് ജോ ബൈഡൻ തന്റെ അടുത്ത ആളുകൾക്ക് മുൻകൂർ മാപ്പ് നൽകിയതിനെ ട്രംപ് ഉദാഹരണമായി ചൂണ്ടിക്കാട്ടി. 'ബൈഡൻ ചെയ്തതും അതുതന്നെയാണ്. അദ്ദേഹം എല്ലാവർക്കും മാപ്പ് നൽകി'. അന്വേഷണങ്ങൾ നേരിടാൻ സാധ്യതയുള്ള മസ്കിനും മറ്റുള്ളവർക്കും മുൻകൂർ മാപ്പ് നൽകാൻ തയ്യാറാണോ എന്ന നേരിട്ടുള്ള ചോദ്യത്തിന് ട്രംപിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'ആവശ്യമെന്ന് തോന്നിയാൽ തീർച്ചയായും ഞാൻ ചെയ്യും. അതിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യം പോലുമില്ല. ജനുവരി 6-ലെ സംഭവങ്ങളിൽ ഞാൻ ആളുകൾക്ക് മാപ്പ് നൽകിയിട്ടുണ്ടല്ലോ.'
റിപ്പബ്ലിക്കൻ പാർട്ടിയുടെ ധനസ്രോതസ്സ്; മസ്കിനെ ലക്ഷ്യമിട്ട് ഡെമോക്രാറ്റുകൾ
റിപ്പബ്ലിക്കൻ പാർട്ടിയുടെയും യാഥാസ്ഥിതിക രാഷ്ട്രീയ ആക്ഷൻ കമ്മിറ്റികളുടെയും ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സായി ഇലോൺ മസ്ക് മാറിയിട്ടുണ്ട്. ഇതിനകം 44.5 കോടി ഡോളറിലധികം (445 ദശലക്ഷം ഡോളർ) തുക മസ്ക് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കായി സംഭാവന നൽകിയിട്ടുണ്ടെന്നാണ് കണക്കുകൾ. ഇടക്കാല തെരഞ്ഞെടുപ്പിൽ സഭയിൽ ഭൂരിപക്ഷം നേടിയാൽ, പാർട്ടിയെ സ്വാധീനിക്കുന്ന ശതകോടീശ്വരന്മാർക്കും കോർപ്പറേറ്റ് തലവന്മാർക്കുമെതിരെ ഹൗസ് ഓവർസൈറ്റ് കമ്മിറ്റി വഴി അന്വേഷണം ശക്തമാക്കുമെന്ന് ഡെമോക്രാറ്റിക് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മസ്കിന് നിയമപരമായ സുരക്ഷയൊരുക്കാൻ മാപ്പധികാരം പ്രയോഗിക്കുമെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിക്കുന്നത്.
മാപ്പധികാരത്തിന്റെ ഭരണഘടനാ പരിധികൾ
രാഷ്ട്രീയ സഖ്യകക്ഷികൾക്കെതിരെ കേസെടുക്കുന്നതിന് മുൻപ് തന്നെ മാപ്പ് നൽകാനുള്ള ട്രംപിന്റെ നീക്കം യു.എസിൽ പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങളെക്കുറിച്ചുള്ള ഭരണഘടനാ സംവാദങ്ങൾക്ക് വീണ്ടും വഴിതുറന്നിരിക്കുകയാണ്. യു.എസ് ഭരണഘടന പ്രകാരം പ്രസിഡന്റിന് ഫെഡറൽ തലത്തിലുള്ള കുറ്റങ്ങൾക്ക് മാത്രമേ മാപ്പ് നൽകാൻ അധികാരമുള്ളൂ. സംസ്ഥാന തലത്തിലുള്ള നിയമലംഘനങ്ങൾക്ക് ഇത് ബാധകമല്ല. പ്രസിഡന്റ് മാപ്പ് നൽകിയാലും കോൺഗ്രസിന്റെ മേൽനോട്ട അധികാരത്തെയും അന്വേഷണങ്ങളെയും അത് തടയില്ല. തെളിവെടുപ്പ് നടത്താനും രേഖകൾ വിളിച്ചുവരുത്താനും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനും യു.എസ് കോൺഗ്രസിന് പൂർണ അധികാരമുണ്ട്.
വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് ഫലം ട്രംപ് ഭരണകൂടത്തിനും ഒപ്പമുള്ള കോർപ്പറേറ്റ് വ്യവസായികൾക്കും എതിരെയുള്ള നിരീക്ഷണങ്ങളെ നിർണയിക്കുന്നതിൽ പ്രധാനമാകും. ഡെമോക്രാറ്റിക് വിജയം അന്വേഷണങ്ങൾക്ക് വഴിതുറക്കുമെന്നിരിക്കെ, മാപ്പധികാരം രാഷ്ട്രീയ കവചമാക്കാനുള്ള ട്രംപിന്റെ നിലപാട് വാഷിംഗ്ടണിൽ മറ്റൊരു ഭരണഘടനാ-രാഷ്ട്രീയ പോരിന് തിരികൊളുത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.