'വൻതാര'യുടെ ലോബിയിങ്: ഔദ്യോഗിക ഇടപെടൽ വേണ്ടെന്ന് ബ്രിട്ടീഷ് മന്ത്രിമാർക്ക് നിർദേശം
ലണ്ടൻ: ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ ഉടമസ്ഥതയിലുള്ള മെഗാ മൃഗശാലയായ വൻതാരയുമായി ഔദ്യോഗികമായി ഇടപെടരുതെന്ന് ബ്രിട്ടീഷ് സർക്കാർ മന്ത്രിമാർക്ക് നിർദേശം നൽകിയതായി രേഖകൾ. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വ്യാപാരവുമായി ബന്ധപ്പെട്ട് ബ്രിട്ടൻ അധ്യക്ഷനാകുന്ന യോഗത്തിന് മുന്നോടിയായി വൻതാര നടത്തിയ ലോബിയിങ് ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം.
വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്ന യു.എൻ സംഘടനയായ സൈറ്റസിന്റെ (CITES-Convention on International Trade in Endangered Species of Wild Fauna and Flora) 32 രാജ്യങ്ങളടങ്ങിയ സമിതി ഈ ആഴ്ച ജനീവയിൽ യോഗം ചേരുന്നുണ്ട്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിൽ ഇന്ത്യ സ്വീകരിച്ച നടപടികളും യോഗം പരിശോധിക്കും.
ബ്രിട്ടന്റെ വിവരാവകാശ നിയമപ്രകാരം 'ദ ഗാർഡിയനും' വാർത്താ സ്ഥാപനമായ 'മോംഗബേ'യുംപുറത്തുവിട്ട രേഖകളിലാണ് യോഗത്തിന് മുന്നോടിയായി വൻതാര ബ്രിട്ടീഷ് ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ വിവരങ്ങളുള്ളത്. വൻതാരയിലേക്ക് മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നടപടികളെ കൂടുതൽ അനുകൂലമായി കാണണമെന്ന് ലോബിയിങ് സ്ഥാപനമായ ചെക്ക്മേറ്റ് ഗവൺമെന്റ് റിലേഷൻസ് ബ്രിട്ടനോട് ആവശ്യപ്പെട്ടതായാണ് രേഖകൾ വ്യക്തമാക്കുന്നത്.
ഗുജറാത്തിലെ കുടുംബത്തിന്റെ എണ്ണ ശുദ്ധീകരണ കേന്ദ്രത്തിന് സമീപം 1,400 ഹെക്ടർ വിസ്തൃതിയിൽ പ്രവർത്തിക്കുന്ന വൻതാരയിൽ 2022 മുതൽ 1.5 ലക്ഷത്തിലേറെ മൃഗങ്ങളെ എത്തിച്ചതായാണ് റിപ്പോർട്ട്. മൃഗങ്ങളുടെ ക്ഷേമത്തിനായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് വൻതാര അവകാശപ്പെടുന്നുണ്ട്.
എന്നാൽ, ഇത്രയധികം ജീവികളെ ഇത്ര കുറഞ്ഞ കാലയളവിൽ എങ്ങനെ ശേഖരിച്ചുവെന്നതിനെക്കുറിച്ച് സംരക്ഷണ സംഘടനകൾ തുടർച്ചയായി ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇവയിൽ പലതും വംശനാശഭീഷണി നേരിടുന്ന ഇനങ്ങളാണ്. കഴിഞ്ഞ വർഷം വൻതാരയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തെറ്റൊന്നും കണ്ടെത്താനായില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
2025ൽ വൻതാരയിലേക്ക് നടത്തിയ മൃഗങ്ങളുടെ ഇറക്കുമതിയെക്കുറിച്ച് സൈറ്റസ് നടത്തിയ വസ്തുതാന്വേഷണത്തിലും ആശങ്കകൾ ഉയർന്നിരുന്നു.അന്താരാഷ്ട്ര ചട്ടങ്ങൾ പാലിക്കുന്നതിൽ ഇന്ത്യക്ക് വീഴ്ചകളുണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടി. ഇന്ത്യക്ക് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സംഘം ശുപാർശ ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ ശുപാർശ പിൻവലിച്ചു.
മെയ് മാസത്തിൽ ബ്രിട്ടീഷ് പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമകാര്യ വകുപ്പായ 'ഡെഫ്ര' ഉദ്യോഗസ്ഥർ വൻതാര പ്രതിനിധിയുമായും ചെക്ക്മേറ്റ് ഗവൺമെന്റ് റിലേഷൻസുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചക്കിടെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വൻതാര സന്ദർശിക്കാൻ ക്ഷണിച്ചു. എന്നാൽ സൈറ്റസ് അധ്യക്ഷ സ്ഥാനത്തുള്ള ബ്രിട്ടന്റെ നിഷ്പക്ഷത ഉറപ്പാക്കുന്നതിനായി ക്ഷണം നിരസിച്ചു.
തുടർന്ന് വൻതാരക്കു വേണ്ടി പ്രവർത്തിച്ചിരുന്ന മറ്റൊരു ലോബിയിങ് സ്ഥാപനമായ അറ്റ്ലസ് സ്ട്രാറ്റജിയുടെ പ്രതിനിധി അന്നത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് എമ്മ റെയ്നോൾഡ്സിനെയും അന്നത്തെ നേച്ചർ മന്ത്രിയായ മേരി ക്രെയ്ഗിനെയും സമീപിക്കുകയും വൻതാര സന്ദർശിക്കുന്നതിന്റെ സാധ്യത വീണ്ടും ഉന്നയിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ റെയ്നോൾഡ്സ് ഉപദേശം തേടിയതിനെ തുടർന്ന് മന്ത്രിമാർ വൻതാരയുമായി ഔദ്യോഗികമായി ഇടപെടേണ്ടതില്ലെന്ന് നിർദേശിക്കുന്ന കുറിപ്പ് പുറത്തിറക്കുകയായിരുന്നു.
ബ്രിട്ടനിൽ നിന്ന് ഫാൽക്കണുകളെയും ഫാൽക്കൺ ഹൈബ്രിഡുകളെയും ഇറക്കുമതി ചെയ്യാനുള്ള വൻതാരയുടെ അപേക്ഷയെക്കുറിച്ചുള്ള ആശങ്കകളും രേഖകളിലുണ്ട്. ഒരു അജ്ഞാത സംഘടന ബ്രിട്ടനിലെ ഒരു ബ്രീഡർക്ക് 50,000 പൗണ്ട് ‘സംഭാവന’ നൽകിയതായും രേഖകളിൽ പറയുന്നു. ബ്രീഡറുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ബ്രിട്ടീഷ് സൈറ്റസ് ഉദ്യോഗസ്ഥർ ഇടപാടിനെ വാണിജ്യ ഇടപാടായി കണക്കാക്കി. ഈ ഫാൽക്കണുകളെ പിന്നീട് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തില്ല.
വിവാദങ്ങൾ ശക്തമായതോടെ മൃഗങ്ങളുടെ ഇറക്കുമതി ഒരു വർഷത്തേക്ക് സ്വമേധയാ നിർത്തിവച്ചതായി വാന്താര അറിയിച്ചു. മുൻ സൈറ്റസ് മേധാവിയായ ജോൺ സ്കാൻലനെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും നിയമിച്ചിട്ടുണ്ട്. അതേസമയം, ബ്രിട്ടനിൽ നിന്ന് ഫാൽക്കണുകളെ ഇറക്കുമതി ചെയ്തിട്ടില്ലെന്നും ലോബിയിങ് സ്ഥാപനങ്ങളെ വൻതാര നിയമിക്കുകയോ പണം നൽകുകയോ ചെയ്തിട്ടില്ലെന്നും വൻതാര വക്താവ് വ്യക്തമാക്കി. ചെക്ക്മേറ്റും അറ്റ്ലസ് സ്ട്രാറ്റജിയും വൻതാരക്കായി സൗജന്യമായാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര വന്യജീവി വ്യാപാരം നിയമപരവും സുസ്ഥിരവുമാണെന്ന് ഉറപ്പാക്കുന്നതിനും ബ്രിട്ടന് കർശനമായ നിയമങ്ങളുണ്ടെന്ന് ഡെഫ്ര വ്യക്തമാക്കി. ഓരോ ഇറക്കുമതി അപേക്ഷയും അന്താരാഷ്ട്ര മാനദണ്ഡങ്ങളും ആഭ്യന്തര നിയമങ്ങളും അടിസ്ഥാനമാക്കി പ്രത്യേകം പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.