സൂപ്പർമാർക്കറ്റുകളിലെ ഫ്രീസറുകൾ ഓവനുകളാക്കി ഹാക്കർമാർ; യൂറോപ്യൻ രാജ്യങ്ങളിലെ ഫ്രിജ് ഹാക്കിങ് ഭക്ഷ്യശൃംഖല തകർക്കാനോ? പിടിതരാതെ ഹാക്കർമാർ

യൂറോപ്യൻ രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽ പ്രവർത്തിക്കുന്ന കൂളിംഗ് സംവിധാനങ്ങൾക്കുനേരെ വീണ്ടും രൂക്ഷമായ സൈബർ ആക്രമണം. ഒരാഴ്ചക്കിടെയുണ്ടായ രണ്ട് പ്രാവശ്യമാണ് സൂപ്പർമാർക്കറ്റിലെ റഫ്രിജറേറ്ററുകൾ ഹാക്ക് ചെയ്യപ്പെട്ടത്. റഫ്രിജറേറ്ററുകളുടെയും ഫ്രീസറുകളുടെയും താപനില അനിയന്ത്രിതമായി 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തപ്പെടുകയുണ്ടായി. ഇത് ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യവസ്തുക്കൾ നശിക്കുന്നതിന് ഇടയാക്കി. ഭക്ഷ്യവിതരണ ശൃംഖലയെ തകർക്കാനും ജനങ്ങളിൽ ആശങ്ക പരത്താനുമുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്നാണ് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയത്.

ഫ്രാൻസ്, ബെൽജിയം, സ്വീഡൻ, നെതർലൻഡ്സ്, അ.ർലൻഡ്, എസ്റ്റോണിയ. ലക്സംബർഗ് എന്നിങ്ങനെ ഏഴിലധികം യൂറോപ്യൻ രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിലെ റഫ്രിജറേറ്ററുകളാണ് ആക്രമണത്തിനിരയായത്. രാത്രിയിൽ കട അടച്ച സമയത്താണ് ഹാക്കർമാർ റഫ്രിജറേറ്ററുകളുടെ കൺട്രോളർ സംവിധാനത്തിലേക്ക് ഇന്‍റർനെറ്റ് വഴി കടന്നു കയറി താപനില ഉയർത്തിയത്. ഫ്രീസറിലെ ഭക്ഷ്യവസ്തുക്കൾ കേടായത് മാത്രമല്ല, ചിലയിടങ്ങളിൽ തീപിടുത്തംവരെയുണ്ടായി. അമേരിക്കയിലെ കുറഞ്ഞത് ആറ് സൈനിക താവളങ്ങളിലെ കമ്മോഡിറ്റികളിലും സമാനമായ രീതിയിൽ ഫ്രിഡ്ജ് തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പെന്റഗൺ ഇത് അന്വേഷിച്ചുവരികയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഏതെങ്കിലും രാഷ്ട്രീയ സംഘടനകളോ സൈബർ കുറ്റവാളികളോ ഏറ്റെടുത്തിട്ടില്ല. റാസംവെയർ സംഘങ്ങളും പണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടില്ല. സൈബർ സുരക്ഷാ സ്ഥാപനമായ സോഫോസിന്റെ സീനിയർ ഡയറക്ടർ റേഫ് പില്ലിംഗിന്റെ അഭിപ്രായത്തിൽ ഇതൊരു രാജ്യത്തിന്റെ പിന്തുണയോടെയുള്ള സൈബർ ശക്തിപ്രകടനമോ, അതല്ലെങ്കിൽ വ്യക്തിപരമായ കാരണങ്ങളാൽ ലോൺ-വോൾഫ് ഹാക്കർമാർ നടത്തുന്ന ആക്രമണമോ ആകാനാണ് കൂടുതൽ സാധ്യത.

ജനങ്ങളിൽ ഭീതി പരത്തുക എന്ന ലക്ഷ്യത്തോടെ റഷ്യയോ ചൈനയോ ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മാല്വെയറുകൾ ഒന്നും ഉപയോഗിക്കാതെ സ്വിച്ചുകൾ കൈകാര്യം ചെയ്യുന്നതുപോലെയുള്ള ലളിതമായ രീതിയാണ് ഹാക്കർമാർ അവലംബിച്ചതെന്നത് കുറ്റവാളികളെ കണ്ടെത്തുന്നത് കൂടുതൽ ദുഷ്കരമാക്കുന്നു.

ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന കൊമേഴ്‌സ്യൽ ഫ്രിഡ്ജുകളുടെ സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ പാകപ്പിഴകളാണ് ഹാക്കർമാർ മുതലെടുക്കുന്നത്. കമ്പ്യൂട്ടറുകളോ മൊബൈലുകളോ പോലെ പതിവായി സുരക്ഷാ അപ്‌ഡേറ്റുകൾ ചെയ്യാൻ സൂപ്പർമാർക്കറ്റുകൾ തയ്യാറാകാത്തതാണ് ഇതിന് കാരണം. കൂളിംഗ് സംവിധാനങ്ങൾ ഓഫ് ചെയ്യുന്നത് ബിസിനസിനെ ബാധിക്കുമെന്നതും അധികൃതരുടെ അശ്രദ്ധയുമാണ് ഇത്തരം പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നത്.

ഭക്ഷ്യവിതരണ ശൃംഖലകളുടെ സുരക്ഷ ഉറപ്പാക്കാൻ സൂപ്പർമാർക്കറ്റുകൾ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ കൃത്യമായി നടത്തണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ബ്രിട്ടനിലെ നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററുമായി ചേർന്ന് അവിടുത്തെ റീട്ടെയ്ൽ ശൃംഖലകൾ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിവരികയാണ്. നിലവിൽ ബ്രിട്ടനിലെ സൂപ്പർമാർക്കറ്റുകൾക്ക് വലിയ ഭീഷണി ബാധിച്ചിട്ടില്ലെങ്കിലും മുൻകരുതൽ നടപടികൾ തുടരുകയാണ്.

Tags:    
News Summary - fridge hacking in european countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.