ഹാലോവീൻ ആഘോഷങ്ങൾക്കിടെ വെടിവെപ്പ് ;
അമേരിക്കയിൽ ഹാലോവീൻ ആഘോഷങ്ങൾക്കിടെ വെടിവെപ്പ് ; 24 മരണം, 94 പേർക്ക് പരിക്ക്
വാഷിങ്ടൺ: ഹാലോവീൻ ആഘോഷങ്ങൾക്കിടെ അമേരിക്കയിൽ വിവിധയിടങ്ങളിലുണ്ടായ വെടിവെപ്പിൽ 24 പേർ കൊല്ലപ്പെട്ടു. 94 പേർക്ക് പരിക്കേറ്റു. കാലിഫോർണിയ മുതൽ ഡെലവെയർ വരെയുള്ള സ്ഥലങ്ങളിലാണ് വെടിവെപ്പുണ്ടായത്.
ഡാലസിലെ ഡീപ് എല്ലം മേഖലയിൽ മൂന്ന് തവണയുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അലബാമയിലെ ബർമിങ്ഹാമിൽ മാജിക് സിറ്റി ക്ലാസിക് പരിപാടിക്ക് പിന്നാലെയുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കാലിഫോർണിയയിലെ ഫെയർഫീൽഡിലുള്ള സ്പിരിറ്റ് ഹാലോവീൻ സ്റ്റോറിലുണ്ടായ വെടിവെപ്പിൽ ഗർഭിണിയായ 31കാരി കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
ഡെലവെയറിൽ ഒരു മണിക്കൂറിനിടെ രണ്ട് വെടിവെപ്പുകളുണ്ടായി. ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എല്ലൻഡെയിലിലെ ആഘോഷപരിപാടിക്കിടെയും ഡെലവെയർ സർവകലാശാലക്ക് സമീപമുള്ള മെയിൻ സ്ട്രീറ്റിലുമായിരുന്നു വെടിവെപ്പ്.
സംഭവത്തിൽ പ്രതികരിച്ച ഡെലവെയർ ഗവർണർ മാറ്റ് മേയർ, തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞു. സി എൻ എൻ ആദ്യം പുറത്തുവിട്ട കണക്കനുസരിച്ച് 13 പേർ കൊല്ലപ്പെടുകയും 92 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട കണക്കിൽ മരണസംഖ്യ 24 ആയും പരിക്കേറ്റവരുടെ എണ്ണം 94 ആയും ഉയർന്നു.
പടിഞ്ഞാറൻ രാജ്യങ്ങളിൽ എല്ലാ വർഷവും ഒക്ടോബർ 31നാണ് ഹാലോവീൻ ആഘോഷിക്കുന്നത്. പ്രേതങ്ങൾ, പിശാചുക്കൾ, മന്ത്രവാദിനികൾ തുടങ്ങിയവാൽയുടെ വേഷം ധരിച്ചാണ് ആളുകൾ ആഘോഷത്തിൽ പങ്കെടുക്കുന്നത്. പ്രധാനമായും അമേരിക്ക, കാനഡ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് വലിയ രീതിയിൽ ആഘോഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.