സോമാലിയൻ തീരത്ത് മിന്നൽ നീക്കം; മത്സ്യബന്ധന കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന; 20 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി

ന്യൂഡൽഹി: സോമാലിയൻ തീരത്ത് കൊള്ളക്കാരുടെ കസ്റ്റഡിയിലായ ‘അസിനി’ മത്സ്യബന്ധന കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. 48 മണിക്കൂറിലധികം നീണ്ട മിന്നൽ ദൗത്യത്തിലൂടെയാണ് കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരെയും യാതൊരുവിധ പരിക്കുകളോ നാശനഷ്ടങ്ങളോ കൂടാതെ സുരക്ഷിതമായി സേന രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ മാസം സോമാലിയയുടെ വടക്കുകിഴക്കൻ തീരത്തുനിന്നാണ് സായുധ സംഘം ‘അസിനി’ കപ്പൽ തട്ടിയെടുത്തത്. ഈ കപ്പൽ പിന്നീട് ചരക്കുകപ്പലുകൾക്ക് നേരെ കൂടുതൽ ആക്രമണങ്ങൾ അഴിച്ചുവിടുന്നതിനുള്ള ‘മദർ ഷിപ്പ്’ ആയി ഉപയോഗിക്കാൻ സാധ്യതയുണ്ടായിരുന്നതിനാൽ കടുത്ത സമുദ്ര സുരക്ഷാ ഭീഷണിയായിരുന്നു ഉയർത്തിയിരുന്നത്.

സംഭവത്തെ തുടർന്ന് ഇന്ത്യൻ നാവികസേന മേഖലയിൽ വിന്യസിച്ചിരുന്ന പടക്കപ്പലിനെയും സമുദ്ര നിരീക്ഷണ വിമാനത്തെയും അടിയന്തര ദൗത്യത്തിനായി ചുമതലപ്പെടുത്തി. കൃത്യമായ നിരീക്ഷണത്തിലൂടെ കപ്പലിന്റെ സ്ഥാനം കണ്ടെത്തുകയും അതിന്റെ നീക്കങ്ങൾ തടയാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ സി-17 വിമാനത്തിൽനിന്ന് പാരച്യൂട്ട് വഴി മറൈൻ കമാൻഡോകൂടി കൃത്യസമയത്ത് ഇറങ്ങുകയായിരുന്നു.

നാവികസേനയും വ്യോമസേനയും തമ്മിലുള്ള മികച്ച ഏകോപനത്തോടെ നടത്തിയ അതിവേഗ സായുധ ഇടപെടലിലൂടെ കപ്പൽ പൂർണമായി സുരക്ഷിതമാക്കുകയും കൊള്ളക്കാരുടെ ഭീഷണി തുടച്ചുനീക്കുകയുമായിരുന്നു.

ഇന്ത്യൻ നാവികസേനയുടെ ഉയർന്ന പ്രവർത്തന സജ്ജതയുടെയും സങ്കീർണമായ സമുദ്ര സുരക്ഷാ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കാനുള്ള കഴിവിന്റെയും തെളിവാണ് ഈ ദൗത്യം

Tags:    
News Summary - Indian Navy rescues fishing vessel 'Asini' after 48-hour mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.