ന്യൂഡൽഹി: ആ നാൽപത് മണിക്കൂർ നേരം ഞങ്ങളനുഭവിച്ച വേദന സമാനതകളില്ലാത്തതാണ്, ഒരുപക്ഷേ നരകത്തേക്കാൾ ഭീകരം. പൊള്ളുന്ന അനുഭവം പങ്കുവെക്കുന്നത് അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി യു.എസിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരാണ്.
''അത്രയും സമയം ഞങ്ങളുടെ കൈകളിൽ വിലങ്ങ് വെച്ചു. കാലുകൾ ചങ്ങലകളാൽ ബന്ധിച്ചു. ഇരിപ്പിടത്തിൽ നിന്ന് ഒരിഞ്ചുപോലും നീങ്ങാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഒരുപാട് തവണ കരഞ്ഞ് അധികൃതരുടെ കാലുപിടിച്ചപ്പോൾ അവർ ഞങ്ങളെ വാഷ്റൂമിലേക്ക് പോകാൻ അനുവദിച്ചു. ''-40 വയസുള്ള ഹർവീന്ദർ സിങ്ങ് പറഞ്ഞു.
പഞ്ചാബിലെ തഹ്‍ലി ഗ്രാമമാണ് ഹർവീന്ദർ സിങ്ങിന്റെ സ്വദേശം. അനധികൃത കുടിയേറ്റക്കാരെന്ന ലേബലിട്ട് യു.എസിൽ നിന്ന് തിരിച്ചയക്കുന്ന 104 ഇന്ത്യക്കാരിൽ ഇദ്ദേഹവുമുണ്ട്. ആദ്യ ബാച്ചിനെയാണ് യു.എസ് ഇപ്പോൾ നാടുകടത്തിയിരിക്കുന്നത്.
''നരകത്തേക്കാൾ ഭീകരമായിരുന്നു അത്രയും സമയം ഞങ്ങളനുഭവിച്ച വേദന. 40 മണിക്കൂർ നേരം കാര്യമായി ഒന്നും കഴിക്കാൻ പോലും പറ്റിയില്ല. വിലങ്ങിട്ട കൈകളാൽ അവർ ഞങ്ങളെ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു. കുറച്ചു സമയത്തേക്കെങ്കിലും വിലങ്ങഴിച്ചു നൽകണമെന്ന ഞങ്ങളുടെ അഭ്യർഥന ബധിര കർണങ്ങളിലാണ് പതിച്ചത്. വിമാനത്തിലെ ചില ജീവനക്കാർ ഫ്രൂട്സ് നൽകി. ശാരീരികമായി മാത്രമല്ല, മാനസികമായി ഞങ്ങളൊരുപാട് അനുഭവിച്ചു.''-ഹർവീന്ദർ തുടർന്നു. എട്ടുമാസം മുമ്പ്
ഒരുപാട് സ്വപ്നങ്ങളുമായാണ് ഹർവീന്ദർ യു.എസിലെത്തിയത്. എന്നാൽ ഒറ്റദിവസം കൊണ്ട് അതെല്ലാം തകർന്നടിഞ്ഞു. 13 വർഷമായി വിവാഹം കഴിഞ്ഞിട്ട്. പാൽ വിറ്റുകൊണ്ട് ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബം പുലർത്താൻ നന്നായി ബുദ്ധിമുട്ടിയിരുന്നു. അങ്ങനെയാണ് അകന്നൊരു ബന്ധു യു.എസിൽ ജോലിയുണ്ടെന്നു പറഞ്ഞ് ക്ഷണിക്കുന്നത്. ഒരിക്കലും നിയമവിരുദ്ധമായ വഴിയായിരുന്നില്ല ഹർവീന്ദർ യാത്രക്കായി തെരഞ്ഞെടുത്തത്. എല്ലാകാര്യങ്ങളും നിയമങ്ങളനുസരിച്ചു തന്നെയായിരുന്നു. ബന്ധുവിന് 42 ലക്ഷവും കൊടുത്തു. കുടുംബത്തിന് ആകെയുണ്ടായിരുന്ന ഒരേക്കർ ഭൂമി വിറ്റും വട്ടിപ്പലിശക്കാരിൽ നിന്ന് പണം കടംവാങ്ങിയുമാണ് അത്രയും തുക സ്വരൂപിച്ചത്. എന്നാൽ ചതിക്കുപ്പെട്ടുവെന്ന് യാത്രക്കിടയിലാണ് ഹർവീന്ദർ മനസിലാക്കുന്നത്. ഒരിക്കലും അദ്ദേഹം യു.എസിലെത്തിയില്ല. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പന്ത്തട്ടുന്നത് പോലെ മാറ്റിക്കൊണ്ടേയിരുന്നു. എട്ടുമാസക്കാലം വലിയ ദുരിതമാണ് ഭർത്താവ് അനുഭവിച്ചതെന്ന് കുലിന്ദറും വിവരിക്കുന്നു. അപ്പോഴും എല്ലാ രേഖകളും തന്റെ കൈവശമുണ്ടല്ലോ എന്ന ആശ്വാസവും ഹർവീന്ദറിനുണ്ടായിരുന്നു. ഇടക്കിടെ ഭാര്യക്ക് അദ്ദേഹം ഫോൺ ചെയ്യും. ഏറ്റവും ഒടുവിൽ വിളിച്ചത് ജനുവരി 15നാണ്.
ഭർത്താവടക്കമുള്ളവരെ യു.എസിൽ നിന്ന് നാടുകടത്തുകയാണെന്ന വാർത്ത കുർജിന്ദർ ഞെട്ടലോടെയാണ് കേട്ടത്. ഹർവീന്ദറുമായുള്ള ബന്ധം ഇല്ലാതായതോടെ ട്രാവൽ ഏജന്റിന്റെ വഞ്ചനക്കെതിരെ അവർ കേസ് കൊടുത്തിരിക്കുകയായിരുന്നു. ഇയാൾക്കെതിരെ കടുത്ത ശിക്ഷ വേണമെന്നും 42ലക്ഷം രൂപ തിരികെ വേണമെന്നുമാണ് ആവശ്യം. കുട്ടികൾക്ക് മികച്ച ഭാവിയായിരുന്നു ഞങ്ങളുടെ സ്വപ്നം. എന്നാൽ എല്ലാം തകർന്നടിഞ്ഞു. ഏജന്റാണ് തട്ടിപ്പ് നടത്തിയതെന്നും കുൽജിന്ദർ പറയുന്നു. പാട്ടത്തിന് കൃഷിഭൂമിയെടുത്തും കന്നുകാലികളെ വളർത്തിയുമാണ് ഹർവീന്ദർ യു.എസിലേക്ക് തിരിച്ചതുമുതൽ കുടുംബം നിത്യച്ചെലവിന് വക കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.