വാഷിങ്ടൺ: എച്ച്-വൺബി വിസ ഫീസ് ഒരുലക്ഷം ഡോളർ ആയി വർധിപ്പിച്ചത് ഇന്ത്യക്കാർക്കിടയിൽ വ്യാപക ആശങ്കക്കാണ് ഇടയാക്കിയത്. വാർത്ത അറിഞ്ഞ ഉടൻ സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരവധി ഇന്ത്യൻ യാത്രക്കാർ എമിറേറ്റ്സ് വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് ഇറങ്ങി. തുടർന്ന് മൂന്നുമണിക്കൂറോളം വിമാന യാത്ര വൈകി. ഇനിയൊരിക്കലും യു.എസിലേക്ക് മടങ്ങാൻ കഴിയില്ലെന്ന ഭീതിയാണ് ഇന്ത്യക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങാൻ കാരണമെന്ന് എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരിലൊരാൾ പങ്കുവെച്ച ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാം. മറ്റൊരു വിഡിയോയിൽ യാത്രക്കാർ കൂട്ടമായി നിൽക്കുന്നതും ചിലർ ഫോണുകൾ പരിശോധിക്കുന്നതും കാണാം.
മറ്റൊരു വിഡിയോയിൽ സാഹചര്യങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് യാത്രക്കാർക്ക് താൽപര്യമുണ്ടെങ്കിൽ വിമാനത്തിൽ നിന്ന് ഇറങ്ങാൻ ക്യാപ്റ്റൻ ആവശ്യപ്പെടുന്നതും കേൾക്കാം. വെള്ളിയാഴ്ച രാവിലെ സാൻ ഫ്രാൻസിസ്കോ വിമാനത്താവളത്തിൽ എമിറേറ്റ്‌സ് യാത്രക്കാർ സമ്പൂർണ ആശയക്കുഴപ്പത്തിലായിരുന്നു. ട്രംപിന്റെ ഉത്തരവ് പലരിലും പ്രത്യേകിച്ച് ഇന്ത്യൻ യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. അവർ വിമാനത്തിൽ നിന്ന് തിരിച്ചിറങ്ങാൻ പോലും തീരുമാനിച്ചു -എന്നാണ് ഒരു ഉപയോക്താവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. എച്ച്‍-വൺബി വിസ അപേക്ഷകൾക്ക് വാർഷിക ഫീസ് ഒരു ലക്ഷം ഡോളർ ആക്കി വർധിപ്പിച്ചതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ ഫീസ് വർധന പുതുതായി വിസക്ക് അപേക്ഷിക്കുന്നവർക്ക് മാത്രമാണെന്ന് പിന്നീട് വിശദമാക്കിയത്. അതാണ് ഇന്ത്യക്കാരിൽ ഉത്തരവ് വ്യാപക പരിഭ്രാന്തി സൃഷ്ടിക്കാൻ കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.