ലൈംഗികാതിക്രമ കേസിൽ ഇന്ത്യൻ പൗരനെ അറസ്റ്റ് ചെയ്ത് യു.എസ് ഇമിഗ്രേഷൻ അധികൃതർ; സ്വന്തം പൗരൻമാരുടെ സുരക്ഷ പ്രധാനമെന്ന്

വാഷിംങ്ടൺ: ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യൻ പൗരൻ യു.എസിൽ അറസ്റ്റിൽ. യു.എസ് ഇമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്ത നാലു പേരിൽ ഒരു ഇന്ത്യക്കാരനും ഉൾപ്പെടുന്നുവെന്നും കഴിഞ്ഞ മാസം 29ന് വാഷിങ്ടണിലെ തുക്വിലയിൽ വെച്ചാണ് 29കാരനായ ജസ്പാൽ സിങ് അറസ്റ്റിലായതെന്നും യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐ.സി.ഇ) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ‘ലൈംഗിക പ്രേരണയോടെയുള്ള ആക്രമണം’ എന്ന കുറ്റമാണ് സിങ്ങിനെതിരെ ചുമത്തിയിരിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

മെക്‌സിക്കോ, ഗ്വാട്ടിമാല, എൽ സാൽവഡോർ എന്നിവിടങ്ങളിലെ പൗരന്മാരാണ് അറസ്റ്റിലായ മറ്റുള്ളവർ. നടപടികൾക്കായി നാലുപേരും ഐ.സി.ഇയുടെ കസ്റ്റഡിയിൽ തുടരും.

തങ്ങളുടെ കമ്യൂണിറ്റികളെ സംരക്ഷിക്കുന്നതും കൂടുതൽ ഇരയാക്കപ്പെടുന്നത് തടയുന്നതും പസഫിക് നോർത്ത് വെസ്റ്റിൽ ഉടനീളം ഐ.സി.ഇയുടെ നീക്കം പരമപ്രധാനമാണെന്ന് ഫീൽഡ് ഓഫീസ് ഡയറക്ടർ ഡ്രൂ ബോസ്റ്റോക്ക് പറഞ്ഞു. നിയമവിരുദ്ധമായ ക്രിമിനൽ ഭീഷണികളുടെ സാന്നിധ്യം വെച്ചുപൊറുപ്പിക്കില്ല എന്ന മുന്നറിയിപ്പിനെ ഈ അറസ്റ്റുകൾ ബലപ്പെടുത്തുന്നുവെന്നും ബോസ്റ്റോക്ക് പറഞ്ഞു.

ദശലക്ഷക്കണക്കിന് രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തുമെന്നും യു.എസിന്റെ തെക്കൻ അതിർത്തി അടച്ചുപൂട്ടുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടാം തവണ അധികാരമേറ്റത്. അതിനുശേഷം, കുടിയേറ്റക്കാർക്കുള്ള താൽക്കാലിക സംരക്ഷണം എടുത്തുകളയാനും ഫെഡറൽ, സ്റ്റേറ്റ് പങ്കാളികൾക്ക് കൂടുതൽ അധികാരം നൽകാനും ട്രംപ് ഭരണകൂട ഉദ്യോഗസ്ഥർ അതിവേഗം പ്രവർത്തിക്കുന്നുവെന്ന സൂചനയാണിത്.

ട്രംപിന്റെ സ്ഥാനാരോഹണത്തിന് ശേഷം 8,000ത്തിലധികം ആളുകളെ ഫെഡറൽ ഇമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വർഷം രേഖകളില്ലാത്ത എത്ര കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ കൃത്യമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ, പ്രസിഡന്റ് ജോ ബൈഡന്റെ കീഴിലുള്ള കഴിഞ്ഞ വർഷത്തെ പ്രതിദിന ശരാശരിയെ ഇതിനകം മറികടന്നതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Indian national arrested by US immigration authorities over charges related to sexual assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.