ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ല; റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരാൻ ഇന്ത്യ

ന്യൂഡൽഹി: ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കിടയിലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ തുടരുമെന്ന് സൂചന. രണ്ട് ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് പേര് വിവരങ്ങൾ വെളിപ്പെടുത്താൻ ഇവർ തയാറായിട്ടില്ല.

ദീർഘകാലത്തേക്കുള്ള എണ്ണ കരാറുകളാണ് റഷ്യൻ കമ്പനികളുമായുള്ളത്. അത് ഒരു രാത്രി കൊണ്ട് നിർത്താനാവില്ല. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് അന്താരാഷ്ട്ര വിപണിയിലെ വിലവർധനവിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കുമെന്നും ഉദ്യോഗസ്ഥർ ​വെളിപ്പെടുത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. റഷ്യ എണ്ണ വാങ്ങുന്നത് സംബന്ധിച്ച് ന്യൂയോർക്ക് ടൈംസും വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് റഷ്യൻ എണ്ണയുമായി പുറപ്പെട്ട രണ്ട് കപ്പലുകൾ യു.എസ് ഉപരോധത്തിന്‍റെ പശ്ചാത്തലത്തിൽ ചൈനയി ലേക്കും ഈജിപ്തിലേക്കും വഴി തിരിച്ചുവിട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. എണ്ണക്കപ്പലുകളടക്കം ഇറാൻ ബന്ധമുള്ള കമ്പനികൾക്കും വ്യക്തികൾക്കും ഈയാഴ്ചയാണ് യു.എസ് ഉപരോധം ഏർപ്പെടുത്തിയത്. ഉപരോധം നേരിടുന്ന മൂന്ന് കപ്പലുകളാണ് ഇന്ത്യയിലെ റിഫൈനറികളിലേക്കുള്ള എണ്ണയുമായി പുറപ്പെട്ടത്. ഒരെണ്ണം ചെന്നൈയിലും രണ്ടെണ്ണം ഗുജറാത്തിലുമാണ് എത്തേണ്ടിയിരുന്നത്. വേറൊരു കപ്പൽ റിലയൻസ് ഇൻഡസ്ട്രീസിന്റെയും ഭാരത് പെട്രോളിയം കോർപറേഷന്റെയും നിയന്ത്രണത്തിലുള്ള ഗുജറാത്തിലെ സിക്ക തുറമുഖത്തിലേക്കുളള യാത്രയിലാണെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം പുറത്ത് വന്നിരുന്നില്ല.

യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് പാശ്ചാത്യ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടും ഇന്ത്യ റഷ്യൻ എണ്ണ വിലക്കുറവിൽ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിന് ട്രംപും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വിമർശിച്ചിരുന്നു. ബുധനാഴ്ച, ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് 25 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തുന്നതിന് പുറമേ, പിഴ ചുമത്താൻ യു.എസ് പ്രസിഡന്റ് തീരുമാനിച്ചു. റഷ്യ യുക്രെയ്നുമായി സമാധാന കരാറിൽ എത്തിയില്ലെങ്കിൽ, റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു

Tags:    
News Summary - India to maintain Russian oil imports despite Trump threats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.