ഇന്ത്യൻ നാവികരുടെ കൊല; രണ്ടാമതും യു.എസ് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ ഇറാനെതിരെയുള്ള യു.എസ് ഉപരോധത്തിന്റെ ഭാഗമായി വാണിജ്യ കപ്പലുകൾക്ക് നേരെ അമേരിക്ക നടത്തുന്ന തുടർച്ചയായ സൈനിക ആക്രമണങ്ങളിൽ പ്രതിഷേധവുമായി ഇന്ത്യ.

ഒമാൻ തീരത്ത് യു.എസ് സൈന്യം നടത്തിയ മിസൈൽ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും കപ്പലുകൾ തകരുകയും ചെയ്ത പശ്ചാത്തലത്തിൽ, 48 മണിക്കൂറിനുള്ളിൽ രണ്ടാം തവണയും യു.എസ് ചാർജ് ദെ അഫയേഴ്സ് ജേസൺ മീക്സിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.

വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി (അമേരിക്കൻ ഡിവിഷൻ) നാഗരാജ് നായിഡുവാണ് യു.എസ് നയതന്ത്രജ്ഞനെ നേരിട്ട് വിളിച്ച് ഇന്ത്യയുടെ കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തിയത്. ഹുർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിലെ ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ കർശനമായി ആവശ്യപ്പെട്ടു.

വ്യാഴാഴ്ച ഒമാൻ തീരത്ത് ഗിനിയ-ബിസാവു പതാക ഘടിപ്പിച്ച ‘എം.ടി ജൽവീർ’ എന്ന എണ്ണക്കപ്പലിന് നേരെ യു.എസ് മിലിട്ടറി നടത്തിയ മിസൈലാക്രമണമാണ് പുതിയ നയതന്ത്ര പ്രതിസന്ധിക്ക് കാരണമായത്. നാല് ദിവസത്തിനിടെ ഈ മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.

യു.എസ് വിമാനം കപ്പലിന്റെ എൻജിൻ റൂമിലേക്ക് രണ്ട് മിസൈലുകൾ തൊടുക്കുകയായിരുന്നു. എന്നാൽ, റോയൽ ഒമാൻ നേവിയുടെ സഹായത്തോടെ കപ്പലിലുണ്ടായിരുന്ന 22 ഇന്ത്യൻ നാവികരെയും സുരക്ഷിതമായി ഒഴിപ്പിച്ചു ഷിനാസ് തുറമുഖത്ത് എത്തിക്കാൻ സാധിച്ചു.

ഇറാനിൽനിന്ന് എണ്ണ കടത്താൻ ശ്രമിച്ചതിലൂടെ യു.എസ് ഉപരോധം ലംഘിച്ചെന്നും, മുന്നറിയിപ്പുകൾ അനുസരിക്കാൻ കപ്പൽ ജീവനക്കാർ കൂട്ടാക്കാതിരുന്നതിനാലാണ് ആക്രമണം നടത്തിയതെന്നുമാണ് യു.എസ് സെൻട്രൽ കമാൻഡ് നൽകുന്ന വിശദീകരണം. കഴിഞ്ഞ മാസം മേയ് 15നും ഇതേ കപ്പലിന് നേരെ അമേരിക്ക മുന്നറിയിപ്പ് വെടിവെപ്പ് നടത്തിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച പലാവു പതാകയുള്ള ‘എം.ടി സെറ്റെബെല്ലോ’എന്ന കപ്പലിന് നേരെ യു.എസ് നടത്തിയ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി കേന്ദ്ര തുറമുഖ-ഷിപ്പിങ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു.

കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരിൽ 21 പേരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്ന് പേർക്ക് ജീവൻ നഷ്ടമാവുകയായിരുന്നു. ഇതിന് തൊട്ടുമുമ്പ് തിങ്കളാഴ്ച ‘എം.ടി മാരിവെക്സ്’ എന്ന കപ്പലും യു.എസ് സൈന്യം തകർത്തിരുന്നു.

Tags:    
News Summary - India Summons US Diplomat Again Over Deaths of Indian Sailors; Protests US Military Strikes on Commercial Ships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-11 18:15 GMT