വെസ്റ്റ് ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമിച്ച ഒരു പള്ളി

വെസ്റ്റ് ബാങ്കിൽ രണ്ട് പള്ളികൾക്ക് തീയിട്ട് ഇസ്രായേൽ കുടിയേറ്റക്കാർ; ചുമരുകളിൽ ‘ജൂത പ്രതികാര’മെന്ന് എഴുത്ത്

വെസ്റ്റ്ബാങ്ക്: അധിനിവേശ ഫലസ്തീനിലെ വെസ്റ്റ്ബാങ്കിൽ വീണ്ടും അക്രമം അഴിച്ചുവിട്ട് ഇസ്രായേൽ കുടിയേറ്റക്കാർ. ഞായറാഴ്ച വടക്കൻ വെസ്റ്റ് ബാങ്കിലെ ഖുസ്റ, കൗർ എന്നീ ഗ്രാമങ്ങളിലെ രണ്ട് പള്ളികൾക്ക് തീയിട്ടതായി അധികൃതർ അറിയിച്ചു. കൗറിന് സമീപത്തെ മറ്റൊരു പള്ളിക്ക് തീയിടാൻ ശ്രമിച്ചെങ്കിലും പ്രദേശവാസികൾ തടഞ്ഞതായി അധികൃതർ വ്യക്തമാക്കി.

വെള്ളിയാഴ്ച ആയുധധാരികളായ കുടിയേറ്റക്കാർ ഫലസ്തീനിലെ താലിൽ കടന്നുകയറിയതോടെയാണ് സംഘർഷം ആരംഭിച്ചത്. തുടർന്ന് ഉണ്ടായ ഏറ്റുമുട്ടലിൽ നാല് ഫലസ്തീനികളും രണ്ട് ഇസ്രായേലികളും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. കത്തിനശിച്ച പള്ളികളുടെ ചുമരുകളിൽ കുടിയേറ്റക്കാർ ‘ജൂത പ്രതികാരം’ എന്ന് എഴുതിവെക്കുകയും ചെയ്തു. വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരെ ദീർഘകാലമായി തുടരുന്ന കുടിയേറ്റ ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവങ്ങളാണിവ.

ആക്രമണങ്ങൾ വർധിച്ചതിന് കാരണം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാരാണെന്ന് ഫലസ്തീനികൾ ചൂണ്ടിക്കാണിക്കുന്നു. ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും തീവ്ര വലതുപക്ഷ നിലപാടുള്ള സർക്കാരാണ് ഇതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

കുടിയേറ്റക്കാർക്ക് നൽകുന്ന സർക്കാരിന്റെ പിന്തുണ, കുടിയേറ്റ കേന്ദ്രങ്ങളുടെ തുടർച്ചയായ വികസനം, വെസ്റ്റ് ബാങ്ക് ഇസ്രായേലിനോട് കൂട്ടിച്ചേർക്കാനുള്ള നീക്കങ്ങൾ എന്നിവയാണ് ആക്രമണങ്ങൾ വർധിക്കാൻ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ വെസ്റ്റ് ബാങ്കിൽ ഏകദേശം 350 കുടിയേറ്റ കേന്ദ്രങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഇവിടങ്ങളിൽ ഏകദേശം 5 ലക്ഷം കുടിയേറ്റക്കാർ താമസിക്കുന്നുണ്ട്. ഫലസ്തീനികളുടെ ഭൂമി പിടിച്ചെടുത്ത് സ്ഥാപിക്കുന്ന വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങൾ നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര സമൂഹം കണക്കാക്കുന്നു.

Tags:    
News Summary - West Bank, Palestine: Israeli Settlers Set Fire to Two Mosques

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.