കോൺസുലേറ്റിന് നേരെ ഖലിസ്ഥാൻ വാദികളുടെ പ്രതിഷേധം: കനേഡിയൻ ഹൈകമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ

ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിൽ കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റിന് പുറത്ത് ഖലിസ്ഥാൻ വാദികളുടെ പ്രതിഷേധം നടന്നതിൽ രൂക്ഷ പ്രതികരണവുമായി ഇന്ത്യ. ഇന്ത്യയിലെ കനേഡിയൻ ഹൈ കമ്മീഷണറെ കേന്ദ്ര സർക്കാർ വിളിച്ചു വരുത്തി. കാനഡയിലെ നയതന്ത്ര കാര്യാലയത്തിനു പുറത്തുള്ള സുരക്ഷാ സംവിധാനങ്ങൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണ്ടി ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

‘ഇന്ത്യൻ നയതന്ത്രജ്ഞർക്കും നയതന്ത്ര കാര്യാലയത്തിനും ശക്തമായ സുരക്ഷ ഏർപ്പെടുത്താൻ വേണ്ട നടപടികൾ കനേഡിയൻ സർക്കാർ സ്വീകരിക്കുമെന്ന് കരുതുന്നു. എങ്കിൽ മാത്രമേ അവർക്ക് ദൈനംദിന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാവുകയുള്ളു’- വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രസ്താവനയിൽ അറിയിച്ചു.

ഞങ്ങളുടെ നയതന്ത്രകാര്യാലയത്തിന്റെ സുരക്ഷയിൽ വീഴ്ചയുണ്ടാക്കിയ ഇത്തരം ഘടകങ്ങൾ പൊലീസിന്റെ സാന്നിധ്യത്തിൽ എങ്ങനെയാണ് അനുവദിക്കപ്പെട്ടതെന്നത് സംബന്ധിച്ച് ഇന്ത്യൻ സർക്കാർ വിശദീകരണം തേടുന്നുവെന്നും കുറിപ്പിൽ വ്യക്തമാക്കി.

ഖലിസ്ഥാൻ പ്രതിഷേധക്കാരുടെ അക്രമാസക്തമായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഞായറാഴ്ച ഒരു പരിപാടി കാനഡയിൽ റദ്ദാക്കിയിരുന്നു.

ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെതിരായ പൊലീസ് നടപടിയാണ് ഖലിസ്ഥാൻ വാദികളെ പ്രകോപിപ്പിച്ചിരിക്കുന്നത്. നേര​ത്തെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ത്രിവർണ പതാക പ്രതിഷേധക്കാർ അഴിച്ചു മാറ്റുകയും കാര്യാലയത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു.

ഹൈകമ്മീഷനിൽ ആവശ്യത്തിന് സുരക്ഷ ഏർപ്പാടാക്കാത്തതിൽ ഇന്ത്യ ശക്തമായ പ്രതി​ഷേധം അറിയിച്ചതോടെ യു.കെ സുരക്ഷ ശക്തമാക്കി.

അതിനു പിന്നാലെ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റും ഖലിസ്ഥാൻ വാദികൾ കേടുവരുത്തിയിരുന്നു. അതിനു പിന്നാലെയാണ് കാനഡയിലും ഇന്ത്യൻ കോൺസുലേറ്റിനു നേരെ പ്രതിഷേധം അരങ്ങേറിയത്.

Tags:    
News Summary - India Summons Canada Envoy Over Khalistan Protest, Flags Security Concerns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.