ന്യൂയോർക്ക്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങളിൽ താൻ തീരുവ ആയുധമാക്കിയാണ് മധ്യസ്ഥത വഹിച്ചതെന്ന അവകാശവാദവുമായി വീണ്ടും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തനിക്ക് തീരുവ ഏർപ്പെടുത്താനുള്ള അധികാരം ഇല്ലായിരുന്നെങ്കിൽ ഏഴു യുദ്ധങ്ങളിൽ നാലെണ്ണം നടക്കുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
‘യുദ്ധങ്ങൾ നിർത്താനായി ഞാൻ തീരുവകൾ പ്രയോഗിക്കുന്നു. ഇന്ത്യയും പാകിസ്താനും യുദ്ധത്തിന് തയ്യാറായിരുന്നു. ഞാൻ എന്താണ് അതിൽ പറഞ്ഞതെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ. അത് ഫലപ്രദമായി. താരിഫുകൾ കാരണമാണ് അവർ യുദ്ധം നിർത്തിയത്’ -ട്രംപ് പറഞ്ഞു. തന്റെ കീഴിൽ അമേരിക്ക വീണ്ടും സമ്പന്നവും ശക്തവുമായി മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു. നമ്മൾ നൂറുകണക്കിന് ബില്യൺ ഡോളർ സമ്പാദിച്ചുവെന്ന് മാത്രമല്ല തീരുവകളിലൂടെ യുദ്ധങ്ങൾ നിർത്തിയത് നമ്മളെ സമാധാന പാലകരാക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് താനാണ് ഇന്ത്യ- പാകിസ്താൻ യുദ്ധം അവസാനിപ്പിച്ചതെന്ന് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യ ഇത് അംഗീകരിക്കാതെ പരസ്യമായി തള്ളുകയാണുണ്ടായത്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്നും താൻ മുന്നറിയിപ്പ് നൽകിയിരുന്നെന്നും കഴിഞ്ഞ ആഴ്ചയും ട്രംപ് പറഞ്ഞിരുന്നു. ‘ഇരു രാജ്യങ്ങളും യുദ്ധത്തിനായി ശ്രമിക്കുകയായിരുന്നു. ഏഴു വിമാനങ്ങൾ അവർ വെടിവെച്ചു വീഴ്ത്തി. ഇത് തുടർന്നാൽ വ്യാപാര ബന്ധങ്ങൾ ഉണ്ടാകില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. അവർ യുദ്ധം നിർത്തി’- ട്രംപ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.