ലണ്ടൻ: കോവിഡ് വാക്സിൻ വിതരണം ആരംഭിച്ച ബ്രിട്ടനിൽ ആദ്യം കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ഇന്ത്യൻ വംശജനും. വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ നിന്നുള്ള 87കാരനായ ഹരി ശുക്ലയാണ് ഫൈസർ-ബയോൺടെക്ക് വാക്സിൻ സ്വീകരിച്ച ആദ്യ ഇന്ത്യൻ വംശജനായത്. ന്യൂകാസിലിലുള്ള ആശുപത്രിയിൽ വെച്ചാണ് ഹരി ശുക്ല വാക്സിൻ സ്വീകരിച്ചത്.
ഇത് തൻെറ കടമയായി കരുതുന്നുവെന്നാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ചതിനുശേഷം പ്രതികരിച്ചത്. 'ഈ മഹാമാരി അതിൻെറ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ് എന്ന പ്രതീക്ഷ ഏറെ സന്തോഷം നൽകുകയാണ്. വാക്സിൻ സ്വീകരിച്ച് അതിൽ എേൻറതായ പങ്ക് നിർവഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഇതെൻറ കടമയായി കരുതുന്നു'- അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ചയാണ് ബ്രിട്ടനിൽ കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചത്. 'ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പ്' എന്നാണ് ഇതിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വിശേഷിപ്പിച്ചത്. വാക്സിനേഷൻ സംബന്ധിച്ച സംയുക്ത സമിതി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചവരെന്ന് നാഷണൽ ഹെൽത്ത് സർവിസിന് (എൻ.എച്ച്.എസ്) ബോധ്യപ്പെടുന്നവരെയാണ് വാക്സിൻ നൽകുന്നതിന് തെരഞ്ഞെടുത്തിരിക്കുന്നത്. 80 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.