ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ മനധൂവിൽ മാലദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദുമായി ചർച്ചയിൽ 

സമാധാനത്തിനും സുരക്ഷക്കും ഇന്ത്യക്കും മാലദ്വീപിനും കൂട്ടുത്തരവാദിത്തം -ജയ്ശങ്കർ

മാലെ: ഇന്ത്യയും മാലദ്വീപും നല്ല അയൽക്കാരും ശക്തമായ പങ്കാളികളുമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. മേഖലയിലെ സമാധാനത്തിനും സുരക്ഷക്കും ഇരു രാജ്യങ്ങൾക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാലദ്വീപ് വിദേശകാര്യമന്ത്രി അബ്‌ദുല്ല ഷാഹിദുമായി നടത്തിയ ചർച്ചക്കുശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ രണ്ട് പ്രധാന അയൽക്കാരായ മാലദ്വീപ്, ശ്രീലങ്ക എന്നിവയുമായി ഉഭയകക്ഷി ബന്ധം വിപുലീകരിക്കുന്നതിനുള്ള ത്രിദിന സന്ദർശനത്തിന്റെ ഭാഗമായി എത്തിയതായിരുന്നു ജയ്ശങ്കർ.

തങ്ങൾ നല്ല അയൽക്കാരാണ്. ശക്തരായ പങ്കാളികളാണ്. വികസനത്തിലും പുരോഗതിയിലും ഒരുമിച്ച് നിക്ഷേപം നടത്തിയിട്ടുമുണ്ട്. മേഖലയിലെ സമാധാനത്തിനും സുരക്ഷക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നും ഷാഹിദിനൊപ്പം സംയുക്ത വാർത്തസമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി പറഞ്ഞു.

മാലദ്വീപിൽപെട്ട നൂനു അറ്റോളിന്റെ തലസ്ഥാനമായ മനധൂവിൽ ജയ്ശങ്കറിന് നേരത്തേ മാലദ്വീപിന്റെ പരമ്പരാഗത വരവേൽപ് നൽകിയിരുന്നു. പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹിനെയും അദ്ദേഹം സന്ദർശിക്കും. മാലദ്വീപും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിൽ സുപ്രധാനമായ നിരവധി ധാരണപത്രങ്ങളും കൈമാറി. മാലദ്വീപ് നാഷനൽ യൂനിവേഴ്‌സിറ്റിയും കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയും തമ്മിലുള്ള അക്കാദമിക സഹകരണവും ഇതിൽ ഉൾപ്പെടുന്നു.

Tags:    
News Summary - India and Maldives shares responsibility for peace and security - Jaishankar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.