വാഷിംങ്ടൺ: ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ നേതാക്കൾ തമ്മിലുള്ള ഐക്യ പ്രകടനത്തെ ‘പ്രശ്‌നകരം’ എന്ന് വിശേഷിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉന്നത വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. ഇന്ത്യ റഷ്യയുമായല്ല, അമേരിക്ക, യൂറോപ്പ്, യുക്രെയ്ൻ എന്നിവരുമായാണ് ഐക്യപ്പെടേണ്ടതെന്നും നൊവേരോ പറഞ്ഞു.
‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവെന്ന നിലയിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ട് സ്വേച്ഛാധിപതികളായ പുടിനും ഷി ജിൻപിങ്ങിനുമൊപ്പം മോദി കിടക്കയിൽ കിടക്കുന്നത് കാണുന്നത് ലജ്ജാകരമാണ്. അതിൽ ഒരു അർഥവുമില്ല’ എന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര, ഉൽപാദന മേഖലകളിലെ മുതിർന്ന ഉപദേഷ്ടാവായ നവാരോയുടെ വാക്കുകൾ. തിങ്കളാഴ്ച ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവർ പരസ്യമായി സൗഹൃദം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഈ പ്രസ്താവന.
‘ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. കമ്യൂണിസ്റ്റ് ചൈനയുമായി ഇന്ത്യ പതിറ്റാണ്ടുകളായി ശീതയുദ്ധത്തിലാണ്. ചൈന ഇന്ത്യയെ ആവർത്തിച്ച് ആക്രമിച്ചു. പ്രത്യേകിച്ച് അക്സായി ചിൻ എന്ന സ്ഥലത്ത്. ഇന്ത്യയിൽനിന്ന് പ്രദേശം പിടിച്ചെടുത്തു. ഇപ്പോഴും അത് കൈവശം വച്ചിരിക്കുന്നു. ചൈനീസ് പട്രോളിങ് ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിൽ വളരെ അടുത്താണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യയുടെ പരമാധികാരത്തെ അവർ വെല്ലുവിളിക്കുന്നുവെന്നും’ നവാരോ കൂട്ടിച്ചേർത്തു.
‘ഇന്ത്യ പതിറ്റാണ്ടുകളായി ചൈനയുമായി ഒരു ‘ചൂടേറിയ’ യുദ്ധത്തിലാണ്. മോദി എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് ഉറപ്പില്ല. അതിനാൽ, റഷ്യയോടല്ല ഞങ്ങൾക്കും യൂറോപ്പിനും യുക്രെയ്‌നും ഒപ്പം നിൽക്കണമെന്ന് ഇന്ത്യൻ നേതാവ് തിരിച്ചറിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അദ്ദേഹം റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണ’മെന്നും നവാരോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.