ഇസ്‍ലാമാബാദ്: വ്യാഴാഴ്ചയാണ് പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇംറാൻ ഖാന് പൊതുപരിപാടിക്കിടെ വെടിയേറ്റത്. 'ഞങ്ങളുടെ നാട്ടിലെ ഭീകരമായ ആചാരമാണിത്. അസഹനീയം... എന്നാണ് വെടിവെപ്പിന് ദൃക്സാക്ഷിയായ കച്ചവടക്കാരൻ പ്രതികരിച്ചത്.
2007ൽ മുൻ പ്രധാനമന്ത്രി ബേനസീർ ഭുട്ടോ റാവൽപിണ്ഡിയിൽ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവമാണ് ഇംറാന് വെടിയേറ്റതോടെ ലോകജനതയുടെ മനസിലേക്ക് ആദ്യമെത്തിയത്. അതിനു തൊട്ടുമുമ്പും ബേനസീർ വധശ്രമം അതിജീവിച്ചിരുന്നു. 2008 ലെ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് റാവൽപിണ്ടിയിലെ ലിയാഖത്ത് പാർക്കിൽ വച്ച് തീവ്രവാദികൾ അവർക്കെതിരേ നിറയൊഴിക്കുകയായിരുന്നു. അതോടൊപ്പം തന്നെ ഒരു മനുഷ്യബോംബ് പൊട്ടിത്തെറിച്ച് ശക്തമായ സ്ഫോടനവും ഉണ്ടായി.
70 കാരനായ ഇംറാന് വധശ്രമത്തിൽ ഗുരുതരമായ പരിക്കേറ്റിട്ടില്ല. പ്രധാനമന്ത്രിപദത്തിൽ നിന്ന് പുറത്താക്കപ്പെട്ടതു മുതൽ തന്റെ ജീവന് ഭീഷണിയുള്ളതായി ഇംറാൻ ഖാൻന്റെ അനുയായികൾ പരാതിപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങൾ അരാചകത്വവും ഭീതിയും സൃഷ്ടിക്കാൻ ഇടവരുത്തുമെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. ഭരണാധികാരികൾ ഒന്നുകിൽ അഴിമതിക്കേസിൽ അറസ്റ്റിലാകുകയോ അല്ലെങ്കിൽ വധിക്കപ്പെടുകയോ ചെയ്യുന്ന പാരമ്പര്യമാണ് പാകിസ്താനിലുള്ളത്.
വ്യാഴാഴ്ച വൈകുന്നേരമാണ് ഇംറാന് വെടിയേറ്റത്. മാർച്ച് ഗുജറൻവാല ഡിവിഷനിലെ വസീറാബാദ് സിറ്റിയിൽ സഫർ അലി ഖാൻ ചൗക്കിലെത്തിയപ്പോഴായിരുന്നു ആക്രമണം. ട്രക്കിന് മുകളിൽ കയറി മാർച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഇംറാൻ. വലതുകാലിന് പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പൊതുതെരഞ്ഞെടുപ്പിന് എത്രയും വേഗം തീയതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇംറാൻ ഖാന്റെ നേതൃത്വത്തിൽ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി പ്രതിഷേധ ലോങ് മാർച്ച് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.