ഇസ്‌ലാമാബാദ്: തനിക്കുനേരെ വെടിവെപ്പുണ്ടായ സംഭവത്തിൽ പാക് പ്രധാനമന്ത്രിയടക്കം ഉന്നതർക്കെതിരെ ആരോപണങ്ങളുമായി ഇംറാൻ ഖാൻ. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ആഭ്യന്തര മന്ത്രി, മുതിർന്ന ഐ.എസ്.ഐ ജനറൽ എന്നിവരുടെ നിർദേശപ്രകാരമാണ് തനിക്ക് നേരെ വെടിയുതിർത്ത ആക്രമണം നടന്നതെന്ന് ഇംറാൻ കരുതുന്നതായി പാകിസ്താൻ തെഹ്‌രീകെ ഇൻസാഫിന്‍റെ മുതിർന്ന നേതാക്കൾ പറഞ്ഞു.
തനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും ഇംറാൻ ഖാൻ പറഞ്ഞതായി പാർട്ടി നേതാക്കൾ അറിയിച്ചു. ഇത് ദൈവം തന്ന രണ്ടാം ജന്മമാണെന്നായിരുന്നു വെടിയേറ്റ ശേഷം ഇംറാന്‍റെ ആദ്യ പ്രതികരണം. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് നേതാക്കൾ വ്യക്തമാക്കി.
അതേസമയം, ഇംറാനു നേരെ വെടിയുതിർത്ത അക്രമിയെ കീഴ്പ്പെടുത്തിയ പ്രവർത്തകനെ അഭിനന്ദിച്ച് ഇംറാന്‍റെ മുൻഭാര്യ ജമൈമ ഗോൾഡ്സ്മിത്ത് രംഗത്തെത്തി. യുവാവ് ഹീറോയാണെന്ന് ജമൈമ ട്വിറ്ററിൽ കുറിച്ചു.
ഇംറാന്‍റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് നടത്തുന്ന സർക്കാർ വിരുദ്ധ ലോങ് മാർച്ചിനെ വസീറാബാദിൽവെച്ച് അഭിസംബോധന ചെയ്യുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. 70കാരനായ ഇംറാന്‍റെ വലതു കാലിനാണ് പരിക്കേറ്റത്. അടുത്ത അനുയായിയടക്കം ആറു പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ശേഷവും അനുയായികളെ അഭിവാദ്യം ചെയ്താണ് ഇംറാൻ ആശുപത്രിയിലേക്ക് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.